നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര):ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നാഗ്‌പൂരിലെ വ്യവസായിക്ക് നഷ്‌ടമായത് 58 കോടി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കബളിപ്പിച്ചയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് 17 കോടി രൂപയും 14 കിലോഗ്രാം സ്വര്‍ണവും. ഇന്നലെ (ജൂലൈ 22) ആണ് സംഭവം.
അതേസമയം വീട്ടില്‍ പരിശോധനയ്‌ക്കായി പൊലീസ് എത്തുന്നതിന് ഒരു ദിവസം മുമ്പ് തട്ടിപ്പുവീരന്‍ ദുബായിലേക്ക് കടന്നതായാണ് വിവരം. അനന്ത് എന്ന സോന്തു നവരതന്‍ ജെയിന്‍ ആണ് ഓണ്‍ലൈന്‍ ചൂതാട്ട പ്ലാറ്റ്‌ഫോം സൃഷ്‌ടിച്ച് തട്ടിപ്പ് നടത്തിയത്. നാഗ്‌പൂരില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ഗോണ്ടിയയിലെ സോന്തുവിന്‍റെ വീട്ടിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :വേഗത്തില്‍ പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍ഗം എന്ന നിലയിലാണ് സോന്തു ഓണ്‍ലൈന്‍ ചൂതാട്ടത്തെ വ്യവസായിക്ക് പരിചയപ്പെടുത്തിയത്. തുടക്കത്തില്‍ വ്യവസായി താത്‌പര്യം പ്രകടിപ്പിച്ചില്ലെങ്കിലും സോന്തുവിന്‍റെ നിരന്തരമായ പ്രേരണയ്‌ക്ക് ഇയാള്‍ ഒടുവില്‍ വഴങ്ങുകയായിരുന്നു. ഒരു ഹവാല ഏജന്‍റ് മുഖേനയാണ് വ്യവസായി ആദ്യം എട്ട് ലക്ഷം രൂപ കൈമാറിയത്.
Also Read:AI Fraud Case | എഐ വഴി 40,000 തട്ടിയ കേസ്: കോഴിക്കോട് സ്വദേശിക്ക് നഷ്‌ടമായ മുഴുവൻ തുകയും വീണ്ടെടുത്തതായി പൊലീസ്
ഓണ്‍ലൈന്‍ ചൂതാട്ടത്തിനായുള്ള അക്കൗണ്ട് തുറക്കുന്നതിനായി സോന്തു വ്യാപാരിക്ക് വാട്‌സാപ്പില്‍ ഒരു ലിങ്ക് അയച്ചതായി നാഗ്‌പൂര്‍ പൊലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. വ്യവസായി എട്ട് ലക്ഷം രൂപ നിക്ഷേപിച്ചതായി വ്യക്തമായതിന് പിന്നാലെ ചൂതാട്ടം ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍ വിജയിച്ച് 5 കോടി രൂപ നേടി. എന്നാല്‍ പിന്നീടുള്ള ചൂതാട്ടത്തില്‍ വ്യവസായിയുടെ 58 കോടി രൂപ നഷ്‌ടപ്പെട്ടു. ഇതോടെ ഇയാളുടെ സമ്പത്ത് ഗണ്യമായി കുറഞ്ഞു.
പണം നഷ്‌ടപ്പെട്ടതോടെയാണ് തട്ടിപ്പിന് ഇരയായതായി വ്യാപാരിക്ക് സംശയം തോന്നിയത്. ഇതോടെ ഇയാള്‍ സോന്തുവിനോട് പണം മടക്കിത്തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സോന്തു പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വ്യവസായി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം വഞ്ചനയ്‌ക്ക് പൊലീസ് കേസ് എടുത്തു. പിന്നാലെയാണ് സോന്തുവിന്‍റെ വസതിയില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്.
Also Read:Fraud Marriage | 'ലൂട്ടേരി ദുൽഹൻ' : യുവതി വിവാഹിതയായത് 12 തവണ, പണവും വിലപിടിപ്പുള്ളവയും കവര്‍ന്ന് രക്ഷപ്പെടും ; പൊലീസില്‍ പരാതി
ഇയാളുടെ വീട്ടില്‍ നിന്ന് 17 കോടി രൂപയും 14 കിലോ സ്വര്‍ണ ബിസ്‌കറ്റും ആഭരണങ്ങളും 200 കിലോ വെള്ളിയും പൊലീസ് കണ്ടെടുത്തു. നാടുവിട്ട സോന്തുവിനെ പൊലീസിന് പിടികൂടാനായിട്ടില്ല.