ന്യൂഡൽഹി : തലസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു (Onion Price Hike). ഗാർഹിക ബജറ്റിനെ ബാധിക്കുന്ന തലത്തിൽ രണ്ട് ദിവസം കൊണ്ട് വില ഇരട്ടിയായതാണ് സാധാരണക്കാർക്ക് തിരിച്ചടിയായത്. ഉള്ളിയുടെ ലഭ്യതയിലുണ്ടായ കുറവാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. വില ഉയർന്ന സാഹചര്യത്തിൽ വിതരണത്തിലും കുറവ് സംഭവിച്ചതായി സവാള വ്യാപാരികൾ പറയുന്നു. നവരാത്രിക്ക് മുൻപ് സവാള കിലോയ്‌ക്ക് 25 മുതൽ 30 രൂപ വരെയായിരുന്നു. എന്നാൽ, രണ്ട് ദിവസം കൊണ്ട് ഇത് 55 മുതൽ 60 രൂപ വരെയെത്തി (Onion Price).
പ്രതിസന്ധിക്ക് പരിഹാരവുമായി ഉപഭോക്തൃ മന്ത്രാലയം : വിപണിയിൽ കിലോയ്‌ക്ക് 65 മുതൽ 70 രൂപയ്‌ക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. മഹാരാഷ്‌ട്ര, മധ്യപ്രദേശ് തുടങ്ങിയ പ്രധാന ഉത്‌പാദന സംസ്ഥാനങ്ങളിൽ വിളവെടുപ്പ് വൈകിയതിനാലാണ് ഡൽഹിയിലെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വില 40 ൽ നിന്നും 60 ലേക്ക് ഉയർന്നതെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം (Ministry of Consumer Affairs) അറിയിച്ചു. കൂടാതെ, നിലവിലെ സാഹചര്യത്തിൽ 5.07 ലക്ഷം മെട്രിക് ടൺ ഉള്ളി സംഭരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ മൂന്ന് ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാൻ തയാറാണെന്നും ഇത് വില വർധനവിന്‍റെ ആഘാതത്തെ ഒരു പരിധി വരെ പിടിച്ചുനിർത്താൻ സഹായിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.