ബംഗളൂരു: സംസ്ഥാന മന്ത്രിമാരുടെ ഒരു വർഷത്തെ ശമ്പളം കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. നേരത്തെ സംസ്ഥാനത്തെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ഒരു വർഷത്തെ ശമ്പളം നീക്കിവയ്‌ക്കാൻ കർണാടക മന്ത്രിമാർ ഏകകണ്‌ഠമായി തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നിർദേശപ്രകാരം മെയ് 11നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് മെയ് ഒന്നു മുതൽ ഒരു വർഷത്തേക്കാണ് പ്രാബല്യത്തിൽ വരുക.
കർണാടക മന്ത്രിമാരുടെ ഒരു വർഷത്തെ ശമ്പളം കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്‌ക്കും
ഉത്തരവ് മെയ് ഒന്നു മുതൽ ഒരു വർഷത്തേക്ക് മുൻകാല പ്രാബല്യത്തിൽ വരും
സംസ്ഥാനത്ത് പ്രതിദിനം 40,000 മുതൽ 50,000 വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആറ് ലക്ഷത്തോളം സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇത് മൂലം ഓക്സിജൻ, ആശുപത്രി കിടക്കകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ അഭാവം വലിയ അളവിൽ നേരിടേണ്ടി വരുന്നു. അതേസമയം കൊവിഡ് വ്യാപനം തടയുന്നതിന് മെയ് 10 മുതൽ മെയ് 24 വരെ സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് സമാനമായി നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആഗോള ടെന്‍ഡര്‍ വഴി രണ്ട് കോടി കൊവിഡ് വാക്സിൻ ഡോസ് വാങ്ങാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Also Read:രണ്ട് കോടി കൊവിഡ് വാക്സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി കര്‍ണാടക