ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ രേഖകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം സമാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗമാണ് ഇന്ന് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേത്യത്വത്തില്‍ ചേര്‍ന്നത്. ഇന്ത്യ ഗേറ്റിന് സമീപമുള്ള ജോധ്‌പൂര്‍ ഓഫിസര്‍മാരുടെ ഹോസ്റ്റലിലാണ് യോഗം ചേര്‍ന്നത്.
ഒന്നര മണിക്കൂര്‍ നടത്തിയ ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ച നടന്നതായാണ് വിവരം ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് വിഷയത്തില്‍ അഭിപ്രായം തേടാന്‍ ദേശീയ, സംസ്ഥാന പാര്‍ട്ടികളെ ക്ഷണിക്കാന്‍ പാനല്‍ യോഗത്തില്‍ തീരുമാനിച്ചു. ഒരേ സമയം ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍, തൂക്കുസഭ, അവിശ്വാസ പ്രമേയം എന്നിങ്ങനെയുള്ള മുഴുവന്‍ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച നടത്തി.
ഉന്നത തല സമിതിയുടെ ആദ്യ ഏകോപന യോഗം സെപ്‌റ്റംബര്‍ ആറിനാണ് നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തന്ത്രപ്രധാനമായ വിഷയം പരിശോധിക്കാന്‍ രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തില്‍ എട്ടംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, എന്‍ കെ സിങ്, സുഭാഷ് സി കശ്യപ്, ഹരീഷ് സാല്‍വെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് നയം നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്:ലോക്‌സഭയിലേക്കും രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും നിയമസഭയിലേക്കുമുള്ള തെരഞ്ഞടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'. ഇത്തരത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ഒരു ദിവസം കൊണ്ടോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയ പരിധിക്കുള്ളിലോ നടത്തുകയെന്നതാണ് ലക്ഷ്യം. വളരെയേറെ കാലമായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിവിധയിടങ്ങളിലായി പല സമയങ്ങളിലായുണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ വളരെയധികം സാമ്പത്തിക ചെലവുകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചെലവുകള്‍ ഇല്ലാതാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യം മൊത്തം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലി ഭാരം കുറയ്‌ക്കേണ്ടി വരും. അതല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ പല തവണ ഇത്തരം ജോലികളിലൂടെ കടന്ന് പോകേണ്ടി വരും. തെരഞ്ഞെടുപ്പുകള്‍ക്കായി സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുമ്പോള്‍ പദ്ധതി നടപ്പിലാക്കിയാല്‍ സമയം ലാഭിക്കാമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൂടുതല്‍ ആളുകളെ കൂടി വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കാനാകുമെന്നാണ് നിയമ കമ്മിഷന്‍റെ വിലയിരുത്തല്‍.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതി നടപ്പിലാക്കുമ്പോള്‍ നേട്ടങ്ങള്‍ക്കൊപ്പം നിരവധി കോട്ടങ്ങളും ഉണ്ടാകും. ഭരണ ഘടന അടക്കമുള്ള നിരവധി നിയമകാര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്തേണ്ടതായി വരും. ഭരണ ഘടന ഭേദഗതി വരുത്തി അവ നിയമസഭകളില്‍ നടപ്പിലാക്കുകയും വേണ്ടി വരും. രണ്ട് തെരഞ്ഞെടുപ്പുകളും ഒരേ സമയം നടക്കുമ്പോള്‍ പ്രാദേശിയ വിഷയങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ച് പറ്റാനും അത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. നിരവധി രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.