ബിഹാർ : ഛപ്ര ജില്ലയിലെ റസൂൽപൂർ മേഖലയിൽ ചൊവ്വാഴ്‌ച നിരോധിത മാംസം കൊണ്ടുപോയി എന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സിവാൻ ജില്ലയിലെ ഹസൻപുര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ എം എച്ച് നഗർ സ്വദേശിയായ നസീബ് ഖുറേഷിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ മൂന്നുപേരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിട്ടുണ്ടെന്നും കേസിന്‍റെ ഗൗരവം പരിഗണിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്നത് ഇങ്ങനെ :ചൊവ്വാഴ്‌ച നസീബ് തന്‍റെ അനന്തരവൻ ഫിറോസ് അഹമ്മദ് ഖുറേഷിയോടൊത്ത് ജോഗിയ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഇരുവരും ജോഗിയ മസ്‌ജിദിലെത്തിയപ്പോൾ പെട്ടെന്ന് ഒരു സംഘമാളുകള്‍ അവരെ വളഞ്ഞു. സുശീൽ സിംഗ്, രാജൻ ഷാ, അഭിഷേക് ശർമ്മ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിക്ക് സമീപം തടിച്ചുകൂടി നസീബിനെ വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.
തുടര്‍ന്ന് നസീബിനെ അവർ തെരുവിൽ ഉപേക്ഷിക്കുകയും സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്‌തു. തുടർന്ന് പ്രദേശവാസികള്‍ നസീബിനെ പട്‌നയിൽ ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. നിരോധിത മാംസം കൈയിൽ വച്ചു എന്നാരോപിച്ചാണ് മർദിച്ചതെന്ന് നസീബിന്‍റെ കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവസ്ഥലത്ത് നിന്ന് അനന്തരവൻ ഫിറോസ് ഓടി രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ഹസൻപുര പൊലീസ് സ്‌റ്റേഷൻ മേധാവി പങ്കജ് താക്കൂർ പറഞ്ഞു.