കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വാസയോഗ്യമായ ഇടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി വനംവകുപ്പ്. കാണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചത് ആശ്വാസമാണെങ്കിലും വടക്കന്‍ ബംഗാളിലും അസമിലും ഇവയ്ക്ക് മതിയായ വാസസ്ഥലമില്ലാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ജല്‍ദാപാരാ, ഗോരുമാരാ വന്യജീവി സങ്കേതങ്ങള്‍ക്ക് പുറമേ കാണ്ടാമൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പുതിയ ഇടങ്ങള്‍ തേടുകയാണ് വനംവകുപ്പ്.
അസമിലെ കാസിരംഗയും ബംഗാളിലെ ജല്‍ദാപാരാ, ഗോരുമാരാ വന്യജീവി സങ്കേതങ്ങളുമാണ് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ പ്രധാന വിഹാര കേന്ദ്രങ്ങള്‍. ഈ വര്‍ഷം മാർച്ചിൽ പുതുക്കിയ കണക്കനുസരിച്ച്, ജല്‍ദാപാരാ, ഗോരുമാരാ എന്നിവിടങ്ങളിലായി 292 കാണ്ടാമൃഗങ്ങളാണുള്ളത്. ഇതിൽ 101 ആണ്‍ കാണ്ടാമൃഗങ്ങളും 134 പെൺ കാണ്ടാമൃഗങ്ങളുമാണ്, 56 കാണ്ടാമൃഗങ്ങളുടെ ലിംഗഭേദം നിർണയിക്കാൻ സാധിച്ചിട്ടില്ല.
കാണ്ടാമൃഗങ്ങള്‍ക്കായി പുതിയ വാസസ്ഥലങ്ങള്‍ : ഔദ്യോഗിക കണക്കുകളനുസരിച്ച്, 1982-83 കാലഘട്ടത്തിൽ ജല്‍ദാപാരാ, ഗോരുമാരാ വന്യജീവി സങ്കേതങ്ങളിലായി 16 കാണ്ടാമൃഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലക്രമേണ കാണ്ടാമൃഗങ്ങളുടെ എണ്ണം 300ന് അടുത്തെത്തി. അലിപുർദുവാറിലെ ബുക്‌സയിലും കൂച്ച് ബിഹാറിലെ പതല്‍ഖാവയിലും കാണ്ടാമൃഗങ്ങൾക്കായി പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് വനംവകുപ്പിന്‍റെ ശ്രമം.