ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ റെക്കോഡ് വാക്സിന്‍ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച വൈകിട്ട് 5.19ന് പുറത്തുവന്ന കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 2,02,74,365 വാക്സനുകളാണ് രാജ്യത്ത് വിതരണം ചെയതത്. സ്വപ്നതുല്യമായ ഈ നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ഡല്‍ഹി സഫ്‌ദർജങ് ആശുപത്രിയില്‍ എത്തിയ അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സന്തോഷം പങ്കുവച്ചു.
ജന്മദിനം ആഘോഷമാക്കി ബിജെപിയും സർക്കാരും
പ്രധാനമന്ത്രിയുടെ ജന്മദിന ദിനത്തില്‍ ബിജെപിയും വിവിധ സംസ്ഥാന സര്‍ക്കാറുകളും വിപുലമായ വാക്സിന്‍ വിതരണമാണ് നടത്തിയത്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രധാനമന്ത്രിക്ക് നല്‍കിയ സമ്മാനമാണ് ഇത്രയും വലിയ അളവിലുള്ള വാക്സിന്‍ വിതരണമെന്ന് മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) കൊവി ഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കോവക്സിൻ, സ്‌ഫുട്‌നിക് വി. വാക്സിനുകളാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയതത്.