ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ദമ്പതികളാണ് ആഗോള ഐക്കൺ പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും. ബോളിവുഡില്‍ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ജനപ്രിയ താരദമ്പതികള്‍ കൂടിയാണ് ഇവര്‍. ഇപ്പോഴിതാ വരുന്ന ഫാദേഴ്‌സ് ഡേയില്‍ ജൂണ്‍ 18ന് നിക്ക് ജൊനാസ് തന്‍റെ ഭാര്യ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം ആ ദിവസം വളരെ സ്‌പെഷ്യലാക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. തങ്ങളുടെ മകൾ മാല്‍തി മേരി ചോപ്ര ജൊനാസിന്‍റെ മികച്ച അമ്മയായതിനാണ് പ്രിയങ്കയ്‌ക്കൊപ്പം നിക്ക് ഈ ഫാദേഴ്‌സ് ദിനം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നത്.
ട്രൈബേക്ക ഫിലിം ഫെസ്‌റ്റിവലില്‍ തന്‍റെ ചിത്രമായ 'ദി ഗുഡ് ഹാഫി'ന്‍റെ പ്രീമിയറിൽ പങ്കെടുത്ത നിക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 'ഫാദേഴ്‌സ് ഡേയിൽ എല്ലാവരും സ്‌നേഹിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ എന്‍റെ അച്ഛൻ ഒരു മികച്ച കാര്യം ചെയ്‌തു. അദ്ദേഹത്തില്‍ നിന്നും അത് സ്വീകരിക്കാന്‍ ഞാനും ശ്രമിക്കും. സ്വപ്‌നം സാക്ഷാത്കരിക്കാൻ സഹായിച്ച അത്ഭുതകരമായ സ്ത്രീകൾ ഇല്ലെങ്കിൽ ഞങ്ങൾ ഇന്ന് അച്ഛന്‍മാരായി ഈ സ്ഥാനത്ത് ഉണ്ടാകില്ല.' -നിക്ക് ജൊനാസ് പറഞ്ഞു.
'ഈ യാത്ര എന്‍റെ ഭാര്യയുമായി പങ്കിടുന്നതിൽ ഞാൻ വളരെ നന്ദി ഉള്ളവനാണ്. അവൾ ശരിക്കും ഒരു ബോസും അത്ഭുതകരമായ അമ്മയുമാണ്. ഇത് എന്നേക്കാള്‍ അവള്‍ക്കുള്ള ദിനമാണ്.' -ഇപ്രകാരമാണ് മാതൃദിനത്തില്‍ നിക്ക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പിനൊപ്പം പ്രിയങ്കയുടെ ഒരു ചിത്രവും നിക്ക് പങ്കുവച്ചിരുന്നു. 'എന്‍റെ സ്‌നേഹത്തിന് മാതൃദിനാശംസകൾ. നിങ്ങൾ ഒരു അവിശ്വസനീയമായ അമ്മയാണ്. നി എന്നെയും എംഎമ്മിന്‍റെ ലോകത്തെയും എല്ലാ ദിവസവും പ്രകാശിപ്പിക്കുന്നു' (ചുവന്ന ഹാര്‍ട്ട് ഇമോജിയോടെ) -ഇപ്രകാരമായിരുന്നു നിക്ക് കുറിച്ചത്.