ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനമുണ്ടായതായി ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ്. 2021 ഡിസംബർ അവസാന വാരത്തിൽ ഒമിക്രോണ്‍ ബാധിച്ച രോഗികളിൽ ക്ലിനിക്കൽ വൈറോളജി ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ പഠനത്തിലാണ് സമൂഹ വ്യാപനത്തിന്‍റെ സാധ്യകൾ തെളിഞ്ഞത്.
ഇക്കാലയളവിൽ രോഗം ബാധിച്ചവർ യാത്രകൾ നടത്തിയിട്ടില്ല. എന്നാല്‍ രാജ്യത്ത് ഒമിക്രോണ്‍ കേസുകളും ദിനം പ്രതി കൂടിവരുന്നു. ഇത് രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായതിന്‍റെ തെളിവാണെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് ചൂണ്ടിക്കാട്ടുന്നത്.
ഡൽഹിയിലെ അഞ്ച് പ്രദേശങ്ങളിൽ നിന്ന് 2021 നവംബർ 25 മുതൽ ഡിസംബർ 23 വരെയുള്ള കാലയളവിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ നിന്ന് പ്രദേശികമായും, കുടുംബപരമായുമുള്ള നിരവധി ക്ലസ്റ്ററുകൾ രൂപപ്പെട്ടതായി മനസിലാക്കാൻ കഴിഞ്ഞു. ഇത് സമൂഹവ്യാപനം ആരംഭിച്ചു എന്നതിന്‍റെ തെളിവാണ്.