ഹൈദ്രാബാദ്:ഒമിക്രോണിന്‍റെ ഉപവകഭേദമായ ബിഎ.2 വംശ പരമ്പരയില്‍പെട്ടവ ഇന്ത്യയില്‍ ഗണ്യമായ അളവില്‍ കണ്ടെത്തി. അതെസമയം ഇന്ത്യയില്‍ നിലവിലെ കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പാരമ്യം (peak) അടുത്ത രണ്ടാഴ്ച കൊണ്ട് ഉണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.
ബിഎ.2നെ ആശങ്കയുളവാക്കുന്ന വകഭേദത്തിന്‍റെ ഗണത്തില്‍ ഇതുവരെ പെടുത്തിയിട്ടില്ല. എന്നാല്‍ രാജ്യങ്ങള്‍ ഈ പുതിയ വകഭേദത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബിഎ.2ന് വ്യാപന ശേഷി കൂടുതലുണ്ടെന്ന് യു.കെയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം 400 ബിഎ.2 കേസുകളാണ് യു.കെയില്‍ കണ്ടെത്തിയത്. ബിഎ.2 എങ്ങനെയാണ് കൊവിഡ് വ്യാപനത്തിന്‍റെ തോതിനെ സ്വാധീനിക്കുക എന്ന് ശാസ്ത്ര ലോകം പഠിച്ചുകൊണ്ടിരിക്കുകയാണ്.
അതെസമയം ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ സമൂഹവ്യാപന ഘട്ടത്തിലെന്ന് ഇന്‍സാകോഗ്(INSACOG). ഇന്ത്യയുടെ പല മെട്രോ നഗരങ്ങളിലും ഒമിക്രോണിന്‍റെ ശക്തമായ സാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഒമിക്രോണാണെന്നും ഇന്‍സാകോഗ് അവരുടെ ബുള്ളറ്റിനില്‍ വ്യക്തമാക്കി.