ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 5 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കർണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്ത്, മഹാരാഷ്‌ട്ര, ഡല്‍ഹി എന്നിവിടങ്ങളിലും കേസ് റിപ്പോര്‍ട്ട് ചെയ്‌തു. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്താരാഷ്‌ട്ര യാത്രികര്‍ക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ആർടി-പിസിആർ പരിശോധന നിർബന്ധമാക്കുകയും ചെയ്‌തിട്ടുണ്ട്.
പുതിയ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന് കഴിയുമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനുകൾ ഒമിക്രോണിനെതിരായ പോരാട്ടത്തിൽ ഫലപ്രദമാണെന്നും വിദഗ്‌ധര്‍ പറയുന്നു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച മിക്ക ആളുകളും ലക്ഷണമില്ലാത്തവരോ അല്ലെങ്കിൽ നേരിയ തോതില്‍ ലക്ഷണങ്ങള്‍ മാത്രമോ ഉള്ളവരാണ്. അതിനാൽ ഒമിക്രോണിനെ സാധാരണ ജലദോഷമായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്‌ധര്‍ ആവര്‍ത്തിക്കുന്നു.
മഹാമാരി ഒഴിഞ്ഞിട്ടില്ല, ജാഗ്രത തുടരണം
മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നതാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്‌സ് ആൻഡ് സൊസൈറ്റി ഡയറക്‌ടര്‍ രാകേഷ് മിശ്ര പറയുന്നു. ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വകഭേദത്തേക്കാള്‍ കൂടുതൽ വ്യാപനം പുതിയ വകഭേദത്തിലൂടെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രോഗലക്ഷണങ്ങൾ കുറവാണെന്നത് ഒരു നല്ല സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് സെറോ പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്നത് നമുക്ക് അനുകൂലമാണ്. ആരോഗ്യ സംവിധാനവും വാക്‌സിനേഷനും മുന്‍പത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ പുതിയ വകഭേദത്തെ നേരിടാനാകും. എന്നാല്‍ അശ്രദ്ധ മൂലം ഇപ്പോഴുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും ഡോ. രാകേഷ് മിശ്ര പറഞ്ഞു.
'ജനങ്ങൾ ഭരണകൂടവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. ഭരണകൂടം പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി സർവേകൾ തുടരണം. അതുവഴി വൈറസ് വ്യാപനത്തെ തടയാൻ സാധിക്കും,' അദ്ദേഹം പറഞ്ഞു.
ഹൈബ്രിഡ് പ്രതിരോധശേഷി ഗുണം ചെയ്യും
പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരില്‍ ഹൈബ്രിഡ് പ്രതിരോധശേഷി കൂടുതലായിരിക്കുമെന്ന് ഡോ. മിശ്ര പറഞ്ഞു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ കൂടുതൽ ആളുകൾക്ക് അറിഞ്ഞോ അറിയാതെയോ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ വലിയൊരു വിഭാഗം ആളുകളിലും ഹൈബ്രിഡ് പ്രതിരോധശേഷി ഉണ്ടായിരിക്കും.