ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഇതിനകം അഞ്ച് സംസ്ഥാനങ്ങളിലായി 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ, ഡൽഹി, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ ഞായറാഴ്‌ച ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഗുജറാത്ത്, കർണാടക, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
രാജസ്ഥാനിൽ ഒമ്പത് പേർക്ക് കൊവിഡ്
ദക്ഷിണാഫ്രിക്കയിൽ നിന്ന് അടുത്തിടെ തിരികെയെത്തിയ കുടുംബത്തിലെ നാല് പേർക്കും ഇവരോടൊപ്പം ഇടപഴകിയ അഞ്ച് പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ജനിതക പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചെന്ന് ആരോഗ്യ സെക്രട്ടറി വൈഭവ് ഗാൽറിയ അറിയിച്ചു.
കുടുംബത്തിലെ നാല് പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും ഇതിനകം പ്രതാപ് നഗറിലെ രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സാമ്പിളുകൾ ശേഖരിച്ച 34 പേരിൽ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 പേരുടെ ഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ വലിയ രീതിയിൽ ശ്രമം നടക്കുകയാണ്.
മഹാരാഷ്‌ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ
മഹാരാഷ്‌ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം എട്ടായി. വിദേശത്തുനിന്നും എത്തിയ നാല് പേർക്കും അവരുമായി സമ്പർക്കമുള്ള മൂന്നുപേർക്കുമാണ് ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചത്.
ഡൽഹിയിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്‌തു
രാജ്യതലസ്ഥാനത്ത് ആദ്യത്തെ ഒമിക്രോണ്‍ വകഭേദം ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തു. ടാന്‍സാനിയയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ 37 വയസുകാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാൾക്ക് നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളതായും ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസ് ഇയാൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡിസംബർ രണ്ടിന് കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്‌തത്. 66ഉം 46 ഉം വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്‌ച ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഓരോ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഗുജറാത്തിൽ, സിംബാബ്‌വെയിൽ നിന്നും തിരികെയെത്തിയ 72കാരനും മഹാരാഷ്‌ട്രയിൽ, ആഫ്രിക്കയില്‍ നിന്നെത്തിയ താനെ ഡോംബിവാലി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
READ MORE:Mental Health In Omicron Scare: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം