ന്യൂഡൽഹി: രാജ്യത്ത് 309 പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ഏകദിന വർധനവാണിത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 1,270 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,764 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
220 മരണങ്ങൾ കൂടി കൊവിഡ് ബാധ മൂലമെന്ന് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ ഒമിക്രോൺ ബാധിതരിൽ 374 പേർ ഇതുവരെ രോഗമുക്തി നേടി. ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
450 പേർക്കാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടാതെ ഡൽഹി-320, കേരളം-109, ഗുജറാത്ത്-97 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ മരണം വ്യാഴാഴ്ച മഹാരാഷ്‌ട്രയിൽ സ്ഥിരീകരിച്ചിരുന്നു.