ന്യൂഡല്‍ഹി:രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വ്യാപിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ 33 പുതിയ ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ കഴിഞ്ഞ ബുധാനാഴ്ച വരെ ഒരു ഒമിക്രോണ്‍ കേസ് മാത്രമായിരുന്നു തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മഹാരാഷ്ട്രയില്‍ 23, കര്‍ണാടകയില്‍ 12 ഒമിക്രോണ്‍ കേസുകളും ഇന്നലെ റിപ്പോര്‍ട്ട്ചെയ്തു. ഗുജറാത്തിലും ഡല്‍ഹിയിലും ഏഴ് ഒമിക്രോണ്‍ കേസുകള്‍ വീതമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 358 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്.
ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ഒമിക്രോണ്‍ വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു. ഒമിക്രോണ്‍ പ്രതിരോധിക്കാനുള്ള രാജ്യത്തിന്‍റെ ആരോഗ്യ സംവിധാനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥര്‍ ഒമിക്രോണുമായി ബന്ധപ്പെട്ട ലോകത്തിലെ സാഹചര്യം വിശദീകരിച്ചു. ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് വാക്സിനേഷന്‍ നിരക്ക് കൂടിയ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.
ALSO READ:Kerala Covid Updates | സംസ്ഥാനത്ത് 2514 പേര്‍ക്ക് കൂടി കൊവിഡ് ; 3427 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. എല്ലാ തലങ്ങളിലും ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കൊവിഡിനെതിരായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു
രാജ്യത്തെ ജില്ല തലം മുതലുള്ള ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണം. അവശ്യത്തിന് ഓക്സിജന്‍ സിലണ്ടറുകള്‍ ഉറപ്പുവരുത്തണം. സംസ്ഥാനങ്ങളുമായി നിരന്തരം ചര്‍ച്ചചെയ്ത് കൊവിഡ് പ്രതിരോധം തന്ത്രങ്ങള്‍ ആവിഷ്കരിക്കണം. ടെലിമെഡിസിന്‍റെ സാധ്യതകള്‍ കൊവിഡ് പ്രതിരോധത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
രാജ്യത്തെ വാക്സിനേഷന്‍ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. പ്രായപൂര്‍ത്തിയായ പൗരന്‍മാരില്‍ 88 ശതമാനം ആദ്യ ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 60 ശതമാനം പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി, നീതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍, ആരോഗ്യസെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.