കോട്ട (രാജസ്ഥാന്‍):ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ഇന്ന് രാത്രിയോടെ ബഹ്‌റൈനിലേക്ക് തിരിക്കാനൊരുങ്ങി ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള. മാര്‍ച്ച് 11 മുതല്‍ 15 വരെ ബഹ്‌റൈനിലെ മനാമയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍റെ (ഐപിയു) 146 ആം സമ്മേളനത്തോടനുബന്ധിച്ചാണ് സ്‌പീക്കര്‍ യാത്ര തിരിക്കുന്നത്. സമ്മേളനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍ററി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഓം ബിര്‍ള പങ്കെടുക്കും.
യാത്ര ഒഫീഷ്യല്‍:ഇത്തവണത്തെ ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ സമ്മേളനത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്‍റാണ് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തിന്‍റെ ഭാഗമായി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്‌ചകളും നടത്തും. കൂടാതെ ഓസ്‌ട്രേലിയന്‍ സഭ പ്രതിനിധികള്‍, മൗറീഷ്യസ് സ്‌പീക്കര്‍, ബംഗ്ലാദേശ് സ്‌പീക്കര്‍, ഒമാന്‍ ശൂറ കൗണ്‍സില്‍ സ്‌പീക്കര്‍ എന്നിവരുമായും ഓം ബിര്‍ള ചര്‍ച്ചകള്‍ നടത്തും. അതേസമയം മനാമയില്‍ സ്ഥിതി ചെയ്യുന്ന 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി (കൃഷ്ണ) ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും.
ചര്‍ച്ചകള്‍ ഏറെയുണ്ട്:ലോകത്താകമാനമുള്ള 100 കണക്കിന് പാര്‍ലമെന്‍റേറിയന്മാര്‍ പങ്കെടുക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍റേറിയന്‍ സമ്മേളനത്തില്‍ മാര്‍ച്ച് 11ന് നടക്കുന്ന ഏഷ്യ പസഫിക് ഗ്രൂപ് യോഗത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍ററി പ്രതിനിധിയായി അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ബഹ്‌റൈന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ പ്ലീനറി ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യൻ പ്രതിനിധി സംഘത്തെയും ബിർള നയിക്കും. മാര്‍ച്ച് 12 ന് നടക്കുന്ന ഐപിയുവിന്‍റെ 146-ാമത് സമ്മേളനത്തിന്‍റെ പൊതു ചർച്ചയിലും അദ്ദേഹം പങ്കെടുക്കും. എന്നാല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്‌സ് ആന്‍റ് പീസ് എന്ന ആഗോള സംഘടന പ്രസിദ്ധീകരിച്ച 2022 ആഗോള സമാധാന ഇന്‍ഡക്‌സ് പ്രകാരം, കഴിഞ്ഞ 15 വർഷത്തിനിടയില്‍ ലോകം ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയിരിക്കുന്നത്.