ബെംഗളൂരു: നിലവില്‍ രാജ്യത്തെ ഏറ്റവും പ്രായമേറിയ എംഎല്‍എ എന്ന നിലയില്‍ ശ്രദ്ധേയനാണ് കര്‍ണാടകയിലെ ദേവനഗരി സൗത്ത് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ 92 വയസുള്ള ഷാമനൂർ ശിവശങ്കരപ്പ. 2023 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിര്‍ണയിക്കപ്പെട്ട അദ്ദേഹം ബിജെപിയുടെ ബി ജി അജയ് കുമാറുമായാണ് തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റുമുട്ടുന്നത്. ഇത്തവണ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള വ്യക്തിയേയാണ് ബിജെപി മത്സരരംഗത്തിറക്കുന്നത്.
ദേവനഗരി നിയോജക മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണയും വിജയിക്കുവാന്‍ ഷാമനൂർ ശിവശങ്കരപ്പയ്ക്ക് സാധിച്ചു. അഞ്ച് തവണയാണ് ദേവനഗരിയിലെ എംഎല്‍എയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ വീരശൈവ ലിംഗായത്ത് മഹാസഭയുടെ അധ്യക്ഷനായ അദ്ദേഹം നാലാം തവണയാണ് ബിജെപി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത്.
ശിവശങ്കരപ്പയെ കയ്യൊഴിയാത്ത ദേവനഗരി:1994ല്‍ ആയിരുന്നു അദ്ദേഹം രാഷ്‌ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത്. രാഷ്‌ട്രീയ ജീവിതത്തിന്‍റെ തുടക്കത്തില്‍ ദേവനഗരിയിലെ മുന്‍സിപ്പല്‍ പ്രസിഡന്‍റായിട്ടായിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 1994ല്‍ ദേവനഗരി നിയോജക മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ദേവനഗരിയില്‍ നിന്ന് തന്നെ മത്സരിച്ച അദ്ദേഹത്തെ ദേവനഗരി കൈയൊഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
1994, 2004, 2008, 2013, 2018 തുടങ്ങിയ അഞ്ച് വര്‍ഷങ്ങളിലും അദ്ദേഹം ദേവനഗരി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ മണ്ഡലം പിളര്‍ന്നു. 1997ല്‍ ലോക്‌സഭയിലും അംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശേഷം, 1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയത്തിന് പകരം തോല്‍വിയാണ് ഷാമനൂർ ശിവശങ്കരപ്പയെ കാത്തിരുന്നത്.