കൊപ്പള (കര്‍ണാടക) : 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയെന്ന സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ പ്രഖ്യാപനം കൊട്ടിഘോഷിക്കപ്പെടുന്നതിനിടെ വയോധികയെ തേടിയെത്തിയത് ഒരു ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി ബില്‍. 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗമുള്ള ഉപഭോക്താക്കള്‍ക്ക് 'ഗൃഹ ജ്യോതി' പദ്ധതി പ്രകാരം നിരക്ക് ഈടാക്കില്ലെന്ന പ്രഖ്യാപനത്തിനിടെയാണ് കൊപ്പളയിലെ ഭാഗ്യനഗർ സ്വദേശിനിയായ ഗിരിജമ്മയ്‌ക്ക് 1,03,315 രൂപയുടെ വൈദ്യുതി ബിൽ എത്തുന്നത്. നിത്യേന രണ്ട് ബള്‍ബുകള്‍ മാത്രം ഉപയോഗിക്കുന്ന വീട്ടില്‍ ലക്ഷം രൂപയുടെ കറന്‍റ് ബില്‍ എത്തിയതോടെ ഗിരിജമ്മ ഷോക്കേറ്റ പോലെ അമ്പരന്ന് നിന്നുപോയി.
സംഭവം ഇങ്ങനെ : ഒരു ചെറിയ തകരപ്പുരയിലാണ് ഗിരിജമ്മയുടെ താമസം. മുന്‍ സര്‍ക്കാരിന്‍റെ 'ഭാഗ്യ ജ്യോതി' പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍പ്പെടുത്തിയാണ് ഇവരുടെ വീട്ടില്‍ വൈദ്യുതിയെത്തുന്നത്. ഇതുപ്രകാരം 70 മുതല്‍ 80 രൂപ വരെയായിരുന്നു വൈദ്യുതി നിരക്കിനത്തില്‍ വന്നിരുന്നത്. എന്നാല്‍ ആറുമാസങ്ങള്‍ക്ക് മുമ്പ് ജെസ്‌കോം ജീവനക്കാരെത്തി ഗിരിജമ്മയുടെ വീട്ടില്‍ പുതിയ മീറ്റര്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി ബില്‍ വര്‍ധിച്ച് ഒരുലക്ഷം രൂപയും കടന്നത്.
ഷോക്കേറ്റ് ഉപഭോക്താവ് :ഞാൻ താമസിക്കുന്ന ചെറിയ കുടിലിൽ രണ്ട് ബൾബുകൾ മാത്രമേയുള്ളൂ. കൂടാതെ മിക്സി ഉപയോഗിക്കാറില്ല. ഇപ്പോഴും മസാല അല്ലാതെ പൊടിച്ചാണ് പാകം ചെയ്യുന്നത്. പുതിയ മീറ്റർ സ്ഥാപിച്ചതിന് ശേഷമാണ് ഇത്രയും ബില്‍ വന്നതെന്നും ഗിരിജമ്മ പറഞ്ഞു. ഇത്രയും വലിയ ബില്‍ താന്‍ എങ്ങനെ അടച്ചുതീര്‍ക്കുമെന്നും അവര്‍ ആശങ്കയറിയിച്ചു. അതേസമയം കര്‍ണാടകയിലെ മുന്‍ സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കിയ സൗജന്യ വൈദ്യുതി പദ്ധതിയായിരുന്നു ഭാഗ്യജ്യോതി യോജന. ഈ പദ്ധതി പ്രകാരം 40 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും അധിക കറന്‍റ് ഉപയോഗത്തിന് അതിനുള്ള ബില്ലും അടയ്ക്കണമായിരുന്നു.