വിശാഖപട്ടണം:50 വയസിന് ശേഷം ജോലിത്തിരക്കുകളില്‍ നിന്നുമാറാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. പൊതുവെ ഈ പ്രായക്കാര്‍ പെന്‍ഷന്‍ തുകയും കൈപ്പറ്റി വീട്ടിലെ കുട്ടികളോടും മറ്റും സമയം ചെലവഴിക്കുന്നത് ഇന്ന് പതിവ് കാഴ്‌ചയാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്‌തമായി 95-ാം വയസിലും അധ്യാപനം തുടര്‍ന്ന്, ലോകത്തിലെ പ്രായം കൂടിയ പ്രൊഫസര്‍ എന്ന നേട്ടം സ്വന്തമാക്കി ഗിന്നസ് ബുക്കില്‍ പേര് ചേര്‍ത്തിരിക്കുകയാണ് വിശാഖപട്ടണം സ്വദേശി തിരുക്കുറി ശാന്തമ്മ.
വിജയ്‌നഗറിലെ സെഞ്ചൂറിയന്‍ സര്‍വകലാശാലയിലാണ് ശാന്തമ്മ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ എത്തുന്നത്. മെഡിക്കല്‍ ഫിസിക്‌സ്, റേഡിയോളജി, അനസ്‌തേഷ്യ എന്നീ വിഷയങ്ങളിലാണ് 95-കാരിയുടെ ക്ലാസ്. കാല്‍മുട്ടുകളുടെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷവും കൈവടികളുടെ സഹായത്തോടെ ഓരോ ക്ലാസ് മുറികളിലേക്കും പതിയെ നടന്നു നീങ്ങുന്ന ഈ വയോധിക എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947-ലാണ് ശാന്തമ്മ ആന്ധ്ര സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പഠിച്ച സ്ഥാപനത്തില്‍ തന്നെ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. അന്ന് മുതല്‍ വിശ്രമമില്ലാതെയാണ് ഈ 95-കാരി പഠിപ്പിക്കലും ഗവേഷണങ്ങളും നടത്തുന്നത്.
പഠനകാലത്ത് തന്നെ ശാന്തമ്മ ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ മാർഗനിർദേശ പ്രകാരം ഡോക്‌ടർ ഓഫ് സയൻസ് പൂർത്തിയാക്കിയ ആദ്യ വനിതയായി മാറിയിരുന്നു. ഡോ.രംഗധാമ റാവുവിന്‍റെ സഹായത്തോടെയണ് അവര്‍ ഗവേഷണ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ശാന്തമ്മയുടെ ഗവേഷണ വൈദഗ്‌ധ്യം ലേസർ സാങ്കേതികവിദ്യ, ഇന്ധന മായം കണ്ടെത്തൽ തുടങ്ങിയ നിരവധി മേഖലകളിലേക്കും വ്യാപിച്ചിരുന്നു.