മംഗളൂരു: കർണാടകയിൽ ഭിക്ഷയാചിച്ച് സമ്പാദിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ ക്ഷേത്രത്തിലെ അന്നദാനത്തിന് നൽകി വൃദ്ധ. 80 വയസുകാരിയായ അശ്വത്തമ്മയാണ് മാതൃക പ്രവർത്തനത്തിന്‍റെ പേരിൽ പ്രശസ്‌തി നേടുന്നത്. വിവിധ ക്ഷേത്രങ്ങൾക്കായി ഇതുവരെ ഒമ്പത് ലക്ഷത്തോളം രൂപയാണ് അശ്വത്തമ്മ തന്‍റെ ഭിക്ഷ പാത്രത്തിൽ നിന്ന് സംഭാവന നൽകിയത്.
തിങ്കളാഴ്‌ച മംഗളൂരു മുൽക്കിയിലെ ബപ്പനാട് ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രത്തിലാണ് അന്നദാനത്തിനായി പണം നൽകിയത്. സംഭാവന സ്വീകരിച്ച ശേഷം ക്ഷേത്രം പൂജാരി നരസിംഹഭട്ട് അശ്വത്തമ്മയ്‌ക്ക് പ്രസാദം നൽകുകയും മറ്റു ഭാരവാഹികൾ ആദരമർപ്പിക്കുകയും ചെയ്‌തു. ക്ഷേത്രങ്ങളിലും ടോൾഗേറ്റുകളിലും അടക്കം പലയിടത്തും ഭിക്ഷ യാചിച്ച് സ്വരൂപിച്ച പണം വർഷങ്ങളായി ക്ഷേത്രങ്ങൾക്ക് സംഭാവനയായി നൽകിവരികയാണ് അശ്വത്തമ്മ.