കോഡര്‍മ (ജാര്‍ഖണ്ഡ്): മകളെ ഉപദ്രവിച്ചത് ചോദിക്കാന്‍ എത്തിയ വയോധികനെ മര്‍ദിച്ചു. മര്‍ദനത്തിന് ശേഷം തല മുണ്ഡനം ചെയ്‌ത് മുഖത്ത് കരിയോയില്‍ ഒഴിച്ച് ചെരുപ്പുമാല അണിയിച്ച് പരസ്യമായി നടത്തി. ജാര്‍ഖണ്ഡിലെ കോഡര്‍മ ജില്ലയില്‍ തിലയ്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭഡോദിയിലാണ് ക്രൂരത.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാക്കിയുള്ള നാലുപേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജൂണ്‍ മാസം അവസാനത്തിലാണ് സംഭവം. അക്രമികളില്‍ ഒരാളുടെ മകള്‍ വയോധികന്‍റെ മകളെ ഉപദ്രവിച്ചിരുന്നു.
ഇത് വീട്ടുകാരുമായി സംസാരിക്കാന്‍ ചെന്ന വയോധികനെ ഏഴുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു. പിറ്റേ ദിവസം പുലര്‍ച്ചെ വയോധികന്‍റെ വീട്ടിലെത്തി ബലമായി തല മുണ്ഡനം ചെയ്യുകയും മുഖത്ത് കരിയോയില്‍ ഒഴിക്കുകയും ചെയ്‌തു. ശേഷം ചെരുപ്പ് മാല അണിയിച്ച് റോഡിലൂടെ നടത്തി. ഇതിന്‍റെ ദൃശ്യങ്ങളും അക്രമികള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
വയോധികന്‍റെ മകളുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണെന്ന് തിലയ്യ പൊലീസ് സ്റ്റേഷൻ ഇൻചാർജ് വിനോദ് കുമാർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ തെലങ്കാനയിലെ കോട്ടഗുഡെം ജില്ലയിൽ വൃദ്ധ ദമ്പതികൾക്ക് നേരെ ക്രൂര മർദനം ഉണ്ടായിരുന്നു. ആക്രമണത്തിൽ നെഞ്ചിൽ ചവിട്ടേറ്റ് വൃദ്ധൻ മരണത്തിന് കീഴടങ്ങി. കോട്ടഗുഡെം നിവാസിയായ ദൊഡ്ഡ പോച്ചയ്യ (75) ആണ് മരിച്ചത്. ഭാര്യ ലച്ചമ്മക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
സംഭവം ഇങ്ങനെ:പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്‌ത് വരികയായിരുന്നു ദൊഡ്ഡ പോച്ചയ്യയും ഭാര്യ ലച്ചമ്മയും. മക്കളില്ലാത്ത ഇവർ ബന്ധുവിന്‍റെ മകനായ ചന്ദറിനെ ദത്തെടുത്ത് വളർത്തി. ഗ്യാസ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു ചന്ദർ. 30 കാരനായ ഇയാള്‍ അവിവാഹിതനാണ്.
പ്രദേശവാസിയായ ഹരിപ്രസാദ് എന്നയാളുടെ വീട്ടിൽ സിലിണ്ടർ സ്ഥാപിക്കുന്നതിനായി എത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഹരിപ്രസാദിന്‍റെ ഭാര്യയെ ചന്ദർ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നാണ് ആക്ഷേപം. ചന്ദർ ആണ് സിലിണ്ടർ സ്ഥാപിക്കുന്നതിനായി എത്തിയതെന്ന് മനസിലാക്കിയ ഹരിപ്രസാദ് ഇത് ചോദ്യം ചെയ്യാൻ ചന്ദറിന്‍റെ വീട്ടിൽ എത്തി.
ചന്ദർ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഹരിപ്രസാദ് എത്തിയത്. വീടിനകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ പോച്ചയ്യയും ഭാര്യയും തടയുകയായിരുന്നു. ഇതോടെ ഐടിസിയിൽ കൂലിപ്പണിക്കാരനായ ഹരിപ്രസാദ് തന്‍റെ ഡ്യൂട്ടിക്ക് ഉപയോഗിച്ച ഷൂസ് ധരിച്ച് ഇരുവരെയും ചവിട്ടുകയായിരുന്നു.
ചവിട്ടരുത് എന്ന് അപേക്ഷിച്ചിട്ടും ഇയാള്‍ ആക്രമണം നിര്‍ത്താന്‍ തയ്യാറായില്ല. പോച്ചയ്യയുടെ നെഞ്ചിൽ ആണ് ഹരിപ്രസാദ് ചവിട്ടിയത്. നിരവധി തവണ നെഞ്ചില്‍ ചവിട്ടേറ്റ പോച്ചയ്യ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്‌തു. ആക്രമണത്തിൽ ലച്ചമ്മയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതി ഹരിപ്രസാദ് ഒളിവില്‍ പോകുകയും ചെയ്‌തു.
Also Read:ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം: നെഞ്ചിൽ ചവിട്ടേറ്റ് വൃദ്ധൻ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്