ചെന്നൈ:ജയലളിതയുടെ മരണത്തിനു ശേഷം ഉണ്ടായ പ്രതേക സാഹചര്യങ്ങളുടെ ഫലമായി ആരുമറിയാത്ത നിലയില്‍ നിന്നും സംസ്ഥാന മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട നിലവിലെ ഭരണാധികാരിയായ ഏടപ്പാടി കെ.പളനിസ്വാമി തന്‍റെ നാലു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഭരണകക്ഷിയായ എഐഎഡിഎംകെയെ നയിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. വിവിധ മാധ്യമങ്ങളിലൂടെ നടത്തി വരുന്ന പരസ്യ പ്രചാരണ പ്രചണ്ഡതയിലൂടെ ഒരു നേതാവെന്ന നിലയില്‍ തനിക്ക് അതിശയോക്തി കലര്‍ന്ന ഒരു പ്രതിഛായ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപിഎസിനെ സംബന്ധിച്ചിടത്തോളം ഈ നിയമസഭ തെരഞ്ഞെടുപ്പ് ഒരു അഗ്നി പരീക്ഷ തന്നെയാണ്. തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു ഡിഎംകെ ഉയർത്തുന്ന അതിശക്തമായ വെല്ലുവിളിയാണ് അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു വശത്ത് സംഘടനാപരമായി ശക്തമായി കഴിഞ്ഞ ഡിഎംകെ ആണെങ്കില്‍ മറുവശത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ഇപിഎസിനെ തുറിച്ചു നോക്കുന്നത്.
ഡിഎംകെ കുലപതിയായ മുത്തുവേല്‍ കരുണാനിധിയും എഐഎഡിഎം കെയുടെ സര്‍വ്വസ്വമായ ജയലളിതയെ പോലുള്ള വ്യക്തിപ്രഭാവമുള്ള നേതാക്കന്മാരുടെ അസാന്നിദ്ധ്യം കൊണ്ടല്ല ഈ തെരഞ്ഞെടുപ്പ് നിര്‍ണായകവും ഗൗരവതരവുമാകുന്നത്. മറിച്ച് എഐഎഡിഎംകെയെ തങ്ങളുടെ കൈയ്യിലെ പാവയാക്കി മാറ്റികൊണ്ട് സംസ്ഥാനത്ത് ആഴത്തില്‍ വേരൂന്നുവാനുള്ള തന്ത്രങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തു കൊണ്ടിരിക്കുകയാണ് ബിജെപി എന്നതു കൊണ്ടാണ്. കാവി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഹിന്ദുത്വ ആദര്‍ശം വെച്ചു പുലര്‍ത്തി കൊണ്ട് സംസ്ഥാനത്ത് ഒരു സീറ്റുപോലും നേടിയെടുക്കുക എന്നുള്ളത് വളരെ പ്രയാസകരമായ കാര്യമാണ്. കാരണം വെറും രണ്ട് ശതമാനത്തിലപ്പുറത്തേക്ക് വോട്ട് പങ്കാളിത്തം നേടിയെടുക്കുവാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവരുടെ അഭിലാഷങ്ങള്‍ക്ക് സീമകളില്ല. ഡിഎംകെ അധികാരത്തില്‍ തിരിച്ചു വരുന്നത് ഏത് വിധേനയും തടയുക അല്ലെങ്കില്‍ അവരെ ദുര്‍ബലമാക്കുക എന്നതാണ് ബിജെപിയുടെ ആത്യന്തിക ലക്ഷ്യം.
മുഖ്യ പോരാളികള്‍:
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പുറമെ നാല് മുഖ്യ പാര്‍ട്ടികളും നേതാക്കമാരും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്‌ക്കു മുന്നിൽ പാര്‍ട്ടി പരാജയപ്പെട്ടതു മൂലം മുഖ്യമന്ത്രിയാകാനുള്ള അവസരം തലനാരിഴക്ക് നഷ്ടപ്പെട്ട ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് അതില്‍ ആദ്യത്തേയാള്‍. എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള വോട്ട് പങ്കാളിത്തത്തിന്‍റെ വ്യത്യാസം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകാരം വെറും 1.1 ശതമാനമാണ്. എന്നാല്‍ സ്റ്റാലിന്‍റെ നേതൃത്വത്തിനു കീഴില്‍ ഡിഎംകെയും സഖ്യ കക്ഷികളും ചേര്‍ന്ന് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 39 സീറ്റുകളില്‍ 38-ഉം പോക്കറ്റിലാക്കി കൊണ്ട് തെരഞ്ഞെടുപ്പ് ഏതാണ്ട് പൂര്‍ണമായും തൂത്തുവാരിയിരുന്നു. അതോടെ ഡിഎംകെയുടെ വോട്ട് പങ്കാളിത്തം 52.39 ശതമാനമായി കുത്തനെ ഉയര്‍ന്നപ്പോള്‍ എഐഎഡിഎംകെയുടേത് 31.26 ശതമാനമായി കൂപ്പുകുത്തുകയും ചെയ്തു. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ഒരു തിരിച്ചു വരവ് ഇവിടെ കണ്ടപ്പോള്‍ വെറും ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു എഐഎഡിഎംകെയ്ക്ക്. സ്റ്റാലിന് (67) പുറമെ മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന മറ്റ് രണ്ട് പേരായ നിലവിലെ മുഖ്യമന്ത്രി ഇപി എസിനും, നടന വിസ്മയവും മക്കള്‍ നീതി മയ്യത്തിന്‍റെ (എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസനുമൊക്കെ(66) ഒരു കാര്യത്തില്‍ സമാനരാണ്. എല്ലാവരുടേയും പ്രായം 60 വയസിന് മുകളിലാണ്.
ഇപിഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടി കൊണ്ട് എഐഎഡിഎംകെ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം ജൈത്രയാത്രയില്‍ തമിഴ്‌നാട് എന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭരണത്തിലിരിക്കുക എന്നുള്ളത് എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം ഒരു മുന്‍ തൂക്കമാണെന്ന് മാത്രമല്ല അത് പാര്‍ട്ടി പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഡിഎംകെയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ പ്രഭാതത്തിനു വേണ്ടി സ്റ്റാലിന്‍ എന്നതാണ് മുദ്രാവാക്യം. കമൽ ഹാസനാകട്ടെ രണ്ട് പ്രമുഖ ദ്രാവിഡ കക്ഷികളേയും ഒരുപോലെ നേരിടുന്നത് “അഴിമതി വിരുദ്ധ'' മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് അഞ്ച് ശതമാനത്തോളം വോട്ടുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് എംഎന്‍എം എന്നതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ കമലിന് മറ്റുള്ളവരുടെ അവസരം കൂടി തുലച്ചു കളയാനുള്ള കഴിവുണ്ടാകുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ബിജെപി തങ്ങളുടെ എല്ലാ പ്രതീക്ഷയായി കരുതിയിരുന്ന സ്‌റ്റൈല്‍ മന്നന്‍ സൂപ്പർസ്റ്റാർ രജനീകാന്ത് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ച് കളിക്കളത്തിലിറങ്ങുന്നതിനു മുന്‍പ് തന്നെ മത്സരത്തില്‍ നിന്ന് പിന്‍ വാങ്ങിയപ്പോള്‍ വലിയ തിരിച്ചടിയാണ് ബിജെപിയ്‌ക്ക് നല്‍കിയത്. തന്‍റെ ആരോഗ്യം സംബന്ധിച്ച ഉല്‍കണ്ഠകള്‍ മൂലമാണ് വ്യവസ്ഥിതിയെ മാറ്റി മറിക്കുവാന്‍ ആഹ്വാനം ചെയ്ത നടന് തോറ്റു പിന്‍ മാറേണ്ടി വന്നത്.
അതേസമയം ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന വി.കെ ശശികല ജയില്‍മോചിതയായി തിരിച്ചെത്തിയത് എഐഎഡിഎംകെയുടെ സമവാക്യങ്ങളേയും അതിന്‍റെ തെരഞ്ഞെടുപ്പ് ഭാവിയെ തന്നെയും മാറ്റി മറിക്കാന്‍ ഇടയുണ്ട് എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജയലളിത തന്നെ മുഖ്യ പ്രതിയായിരുന്ന “വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദന” കേസില്‍ നാലു വര്‍ഷം തടവില്‍ കഴിഞ്ഞതിനു ശേഷം ബംഗളൂരുവിലെ ജയിലില്‍ നിന്നും പുറത്തു കടന്ന വി കെ ശശികല എ ഐ എ ഡി എം കെയില്‍ വലിയ അസ്വസ്ഥത പടര്‍ത്തി കൊണ്ടാണ് തമിഴ്‌നാട്ടിലേക്ക് കാലുകുത്തിയത്. ശശികല പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞ് അവരെ തള്ളി കളയാന്‍ പലരും ഉണ്ടെങ്കിലും ജയലളിതയുടെ പിറകിലെ കരുത്തെന്ന നിലയില്‍ അതിശക്തമായ അധികാരം കൈയ്യാളിയിരുന്ന ഒരു രാഷ്ട്രീയ വ്യക്തിത്വമാണ് ശശികല എന്നുള്ള കാര്യം ആരും മറന്നുകൂടാ. എ ഐ എ ഡി എം കെയിലേക്ക് അവര്‍ക്ക് തിരികെ പ്രവേശനം നല്‍കിയാലും ഇല്ലെങ്കിലും ശരി തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന പങ്ക് താന്‍ വഹിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. എ ഐ എ ഡി എം കെയെ ശക് തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആ പാര്‍ട്ടിയുടെ നിലവിലുള്ള നേതൃത്വവും ശശികലയ്ക്കുമിടയിൽ ഒരു അനുരഞ്ജനം ഉണ്ടാക്കാന്‍ വേണ്ടി സംസ്ഥാന ബി ജെ പി നേതാക്കൾ തുറന്നു തന്നെ ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. മുഖ്യമന്ത്രിയില്‍ നിന്നും ഏതാനും മന്ത്രിമാരില്‍ നിന്നും മാത്രമാണ് നിലവില്‍ അവര്‍ക്ക് എതിര്‍പ്പുള്ളത്. പാര്‍ട്ടിയില്‍ ബാക്കിയുള്ളവരെല്ലാം ഇക്കാര്യത്തിൽ സുരക്ഷിതമായി കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.