മുംബൈ : ടൗട്ടെ ചുഴലിക്കാറ്റ് വീശിയടിച്ച മഹാരാഷ്ട്രയിലെ പാൽഘർ തീരത്ത് ഒഎന്‍ജിസിയുടെ ഗാൽ കൺസ്ട്രക്ടർ ബാർജിൽ എണ്ണ ചോർച്ചയെന്ന് ഇന്ത്യൻ തീരസംരക്ഷണ സേന. ഏകദേശം 50 മീറ്ററില്‍ ചോർച്ച കണ്ടെത്തിയതായും എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും തീരസംരക്ഷണ സേന അറിയിച്ചു. മെയ് 17ന് മുംബൈ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ബാർജ് പി 305 അറേബ്യന്‍ കടലിൽ മുങ്ങിയിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ട 137 പേരെ സേന രക്ഷപ്പെടുത്തി.
കൂടുതൽ വായിക്കാന്‍:ബാർജ് അപകടം: 86 മൃതദേഹങ്ങളും കണ്ടെടുത്തു
പാൽഘറിലെ വദ്രായ് തീരത്തോട് ചേർന്നാണ് സംഭവമെന്നും പാൽഘർ ജില്ല ദുരന്തനിവാരണ വിഭാഗം മേധാവി വിവേകാനന്ദ് കാദം പറഞ്ഞു.മഹാരാഷ്ട്ര മാരിടൈം ബോർഡിലെ ഉദ്യോഗസ്ഥരും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്നും ചോർച്ച തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഎൻജിസിയുടെ കരാർ കമ്പനിയായ അഫ്കോൺസാണ് ബാർജ് വിന്യസിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ല ഭരണകൂടം വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വായിക്കാന്‍: ബാർജ് അപകടത്തിൽ കാണാതായ പത്തനംതിട്ട സ്വദേശിയുടെ മൃദേഹം കണ്ടെത്തി