ഛത്തർപൂർ : ഖജുരാഹോ വിമാനത്താവളത്തിൽ എത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തണുത്തതും ഗുണനിലവാരം കുറഞ്ഞതുമായ ചായയാണ് നല്‍കിയതെന്ന് കാണിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടിസ്. എന്നാല്‍ വിവാദമായതോടെ നോട്ടിസ് സര്‍ക്കാര്‍ പിന്‍വലിച്ചു.
മുഖ്യമന്ത്രിക്ക് പ്രാഭാത ഭക്ഷണവും ചായയും വിമാനത്താവളത്തില്‍ ഒരുക്കേണ്ട ചുമതല ജൂനിയർ സപ്ലൈ ഓഫിസർ രാകേഷ് കൻഹുവയ്ക്കായിരുന്നു. ഇതില്‍ പാളിച്ച സംഭവിച്ചതോടെ ഇദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി രാജ്‌നഗർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ഡിപി ദ്വിവേദി അറിയിച്ചു.
നോട്ടിസ് നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. ആളുകള്‍ക്ക് റേഷനോ അത്യാവശ്യത്തിന് ആംബുലന്‍സോ ലഭിക്കുന്നില്ല, ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ചായ തണുത്തുപോയതിന് കാരണം കാണിക്കല്‍ നോട്ടിസെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ പരിഹസിച്ചു.
വിഐപികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ജില്ല ഭരണകൂടത്തിന് വലിയ നാണക്കേടാണ് സംഭവത്തിലൂടെ ഉണ്ടായതെന്ന് ഡിപി ദ്വിവേദി നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കാരണക്കാരനായ ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ 11.30നാണ് ഖജുരാഹോ വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയത്. രേവയിലേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്. സംഭവം വിവാദമായതോടെ കലക്ടര്‍ നേരിട്ട് ഇടപെട്ടാണ് നോട്ടിസ് പിന്‍വലിച്ചത്. എന്നാല്‍ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.