ഭുവനേശ്വർ: യാസ് ചുഴലിക്കാറ്റിനെ നേരിടാനുള്ള സംസ്ഥാനത്തിന്‍റെ തയാറെടുപ്പുകൾ അവലോകനം ചെയ്ത് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മനുഷ്യ ജീവൻ രക്ഷിക്കേണ്ടത് തന്‍റെ സർക്കാരിന്‍റെ കടമയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ചുഴലിക്കാറ്റിന് മുൻപ് അപകടകരമായ സാഹചര്യത്തിൽ ആരും ഉണ്ടാവരുതെന്ന് ഉറപ്പാക്കാൻ തീരദേശ ജില്ലകളിലെ കലക്ടർമാർക്കും പൊലീസ് സൂപ്രണ്ടുമാർക്കും നിർദ്ദേശം നൽകി. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണെമന്നും പട്നായിക് പറഞ്ഞു.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ബാലസോർ, ഭദ്രക്, കേന്ദ്രപാറ, ജഗത്സിങ്പൂർ എന്നിവയുൾപ്പെടെ 14 ജില്ലകളിൽ സംസ്ഥാന സർക്കാർ ജാഗ്രത പുറപ്പെടപവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ ഗതിയെ സംബന്ധിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇതുവരെ കൃത്യമായ പ്രവചനം നടത്തിയിട്ടില്ലെങ്കിലും ഉണ്ടാവാനിടയുള്ള ശക്തമായ മഴയ്ക്കും കാറ്റിനും തയ്യാറെടുപ്പുകൾ നടത്തണമെന്ന് അദ്ദേഹം തീരദേശ ജില്ലകളിലെ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.
Read More: യാസ് ചുഴലിക്കാറ്റ്; ഒഡിആർഎഎഫ് സംഘം പാരഡിപ്പിലെത്തി
കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്‌ച രാവിലെ ന്യൂനമർദം രൂപപ്പെട്ടതായും മെയ് 26ന് വടക്കൻ ഒഡിഷ, ബംഗ്ലാദേശ് തീരങ്ങൾ തൊടുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചുഴലിക്കാറ്റിന്‍റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചിരിക്കുന്നവർക്ക് മാസ്കുകൾ വിതരണം ചെയ്യുമെന്നും അവരുടെ ആരോഗ്യപരിശോധനയ്ക്കുള്ള ക്രമീകരണങ്ങൾ ദ്രുത പ്രതികരണ സംഘങ്ങൾ ഏർപ്പെടുത്തുമെന്നും പ്രത്യേക ദുരിതാശ്വാസ കമ്മീഷണർ പികെ ജെന പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ അവരെ കൊവിഡ് ആശുപത്രികളിലേക്ക് മാറ്റും.