ഹൈദരാബാദ്:രാജ്യം ഇന്നോളം കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്നായി മാറി ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം. അപകടം നടന്ന സമയം മുതല്‍, ദുരന്തം കവര്‍ന്ന ജീവനുകളും പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നുകൊണ്ടേയിരുന്നു. രക്ഷപ്രവര്‍ത്തനം അവസാനിച്ചുവെന്നും പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളെത്തുമ്പോഴും കൃത്യമായ ഉത്തരമില്ലാതെ അനേകം ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അതില്‍തന്നെ ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്നത് ബാലസോര്‍ ദുരന്തത്തിലേക്ക് വഴിവച്ചത് എന്താണെന്നുള്ളതും.
അപകടത്തില്‍പെട്ട കോറമണ്ഡല്‍ എക്‌സ്‌പ്രസില്‍ 1,257 റിസര്‍വ് ചെയ്‌ത യാത്രക്കാരും ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസിൽ 1,039 റിസർവ് ചെയ്‌ത യാത്രക്കാരുമാണുണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ ഇതുവരെ 288 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുള്ളതായാണ് സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ അപകടത്തിന് പിന്നിലെ കാരണങ്ങള്‍ അവ്യക്തമായി തന്നെ തുടരുന്നു.
എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്:സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് ട്രെയിനുകള്‍ കൂട്ടിയിടിക്കാന്‍ കാരണമായതെന്നാണ് പ്രബലമായി ഉയരുന്ന വാദം. എന്നാല്‍ ബാലസോര്‍ ദുരന്തം സാങ്കേതിക പ്രശ്‌നംമൂലം ഉണ്ടായതാണോ, അതല്ല കെടുകാര്യസ്ഥത വരുത്തിവച്ചതാണോ എന്ന സംശയങ്ങളും ശക്തമായി തന്നെ ഉയരുന്നു. രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചതാണ് ദുരന്തത്തിന് വഴിവച്ചതെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ അപകടത്തെക്കുറിച്ചാവട്ടെ വ്യത്യസ്‌ത കഥകളാണ് അന്തരീക്ഷത്തിലുള്ളതും.
ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് പാളം തെറ്റി സൈഡ് ട്രാക്കിലേക്ക് വീണുവെന്നും ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്‌സ്‌പ്രസ് ഇതിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് റെയില്‍വേയുടെ പ്രാദേശിക ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടര്‍ന്ന് കോറമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിക്കുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ റെയില്‍വേ വക്താവ് അമിതാഭ് ശർമയുടെ വാദം മറ്റൊന്നാണ്. കോറമണ്ഡല്‍ എക്‌സ്‌പ്രസ് പാളംതെറ്റി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നുവെന്നും, പിന്നീട് ഇതിലേക്ക് ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ഇടിക്കുകയായിരുന്നുവെന്നുമാണ് അമിതാഭ് ശര്‍മയുടെ വിശദീകരണം.
സിഗ്നലിനെ മാത്രം പഴിക്കാമോ?:ഇതില്‍ പ്രാദേശിക റെയില്‍വേ ഉദ്യോഗസ്ഥന്‍റെ വാദം പരിഗണിച്ചാല്‍, ഗുഡ്‌സ് ട്രെയിനിന് അനുവദിച്ചിരുന്ന ട്രാക്കില്‍ കോറമണ്ഡല്‍ എക്‌സ്‌പ്രസിന് അനുമതി ലഭിച്ചതെങ്ങനെ എന്ന ചോദ്യമാണുയരുക. സിഗ്നൽ സംവിധാനത്തിലെ പിഴവാകാം ഇതിന് പിന്നിലെന്നും കരുതാം. എന്നാല്‍ ഈ പിഴവ് സാങ്കേതിക തകരാര്‍ മാത്രമാണോ, മനുഷ്യ നിര്‍മിതമാണോ എന്ന് രണ്ടാമതൊരു സംശയവുമുദിക്കുന്നുണ്ട്. ഈ സംശയങ്ങളിലൂന്നി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
അപകടത്തിന് കാരണമായത് സിഗ്നലിങ് സംവിധാനം തകരാറിലായതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ആദ്യമായി സംശയം പ്രകടിപ്പിച്ചത്. മാത്രമല്ല തിരക്കേറിയ റൂട്ടില്‍ അപകടം ഒഴിവാക്കാന്‍ ബജറ്റിലും അല്ലാതെയും കൊട്ടിഘോഷിച്ച കവച് സംവിധാനം എന്തുകൊണ്ട് സ്ഥാപിച്ചില്ല എന്നും ഇവര്‍ ചോദ്യമുന്നയിക്കുന്നു. എന്നാല്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മാത്രമറിയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും പ്രതികരിക്കാതെ മടങ്ങുകയാണുണ്ടായത്.
Also Read: 'കവച'മൊരുക്കിയില്ല, എന്താണ് 'കവച്': ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം