ഒഡിഷ സാക്ഷ്യം വഹിച്ചത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ ട്രെയിൻ അപകടത്തിനാണ്. ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 238 പേർക്കാണ് ജീവൻ നഷ്‌ടമായത്. 900-ലധികം പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലേക്ക് ഷാലിമാർ-ചെന്നൈ കോറോമണ്ഡൽ എക്‌സ്പ്രസ് ട്രെയിൻ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറോമണ്ഡൽ എക്‌സ്പ്രസിന്‍റെ ബോഗികൾ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് വന്ന് പതിച്ചു.
ഇന്ത്യയെ നടുക്കിയ തീവണ്ടി അപകടങ്ങൾ
2016 നവംബർ 20 : ഇൻഡോർ-രാജേന്ദ്ര നഗർ എക്‌സ്പ്രസിന്‍റെ 14 കോച്ചുകളാണ് പുഖ്രായനിൽ പാളം തെറ്റിയത്. കാൺപൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്. 152 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്. 260 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
2010 മെയ് 28 :ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിൻ ജാർഗ്രാമിന് സമീപത്ത് വച്ച് പാളം തെറ്റുകയായിരുന്നു. പാളം തെറ്റിയ കോച്ചുകൾ തൊട്ടടുത്ത പാതയിലൂടെ എതിരെ വന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു. അപകടത്തിൽ 148 യാത്രക്കാരുടെ ജീവനാണ് നഷ്‌ടമായത്.
2002 സെപ്‌തംബർ 9 :ഹൗറ രാജധാനി എക്‌സ്‌പ്രസ് റാഫിഗഞ്ചിലെ ധവേ നദിയിലെ പാലത്തിന് മുകളിൽ വച്ച് പാലം തെറ്റുകയായിരുന്നു. തുടർന്ന് ട്രെയിനിന്‍റെ ഒരു കോച്ച് നദിയിലേക്ക് വീണു. 140 പേരാണ് റാഫിഗഞ്ച് അപകടത്തിൽ മരിച്ചത്. ഭീകരവാദ പ്രവർത്തനമാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു അന്ന് സർക്കാർ കുറ്റപ്പെടുത്തിയത്.
1999 ഓഗസ്റ്റ് 2 :നോർത്ത് ഫ്രോണ്ടിയർ റെയിൽവേയുടെ കതിഹാർ ഡിവിഷനിലെ ഗൈസാൽ സ്റ്റേഷനിൽ വച്ച് ബ്രഹ്മപുത്ര മെയിൽ എന്ന ട്രെയിൻ അവധ് അസം എക്‌സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 285ലധികം പേരാണ് അപകടത്തിൽ മരിച്ചത്. 300ലധികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും കരസേന, ബിഎസ്എഫ്, സിആർപിഎഫ് ഉദ്യോഗസ്ഥരായിരുന്നു.