ബാലസോർ: രാജ്യത്തെയാകെ നടുക്കിയ ട്രെയിന്‍ അപകടം നടന്ന് 51 മണിക്കൂറിന് ശേഷം ബാലസോറിൽ രണ്ട് പാതകളിലും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. ബാലസോറിൽ രണ്ട് ലൈനുകളിലെയും തകർന്ന ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചാണ് സർവീസുകൾ പുനരാരംഭിച്ചത്. ചരക്ക് ട്രെയിനാണ് ഞായറാഴ്‌ച ആദ്യ സർവീസ് ആരംഭിച്ചത്.
ചരക്ക് ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് സന്നിഹിതനായിരുന്നു. ചരക്ക് ട്രെയിനിലെ ജീവനക്കാരെ കൈ വീശി കാണിച്ച മന്ത്രി സുരക്ഷിതമായ യാത്രയ്‌ക്കായി പ്രാർഥിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററിന്‍റെ പ്രാഥമിക റിപ്പോർട്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (02.06.23) രാത്രിയാണ് ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടം ഉണ്ടായത്. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചായിരുന്നു അതിദാരുണമായ അപകടം നടന്നത്. രാത്രി 7.20ഓടെയാണ് ആദ്യത്തെ ട്രെയിന്‍ പാളം തെറ്റിയത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനിലേക്ക് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികൾ തെറിച്ച് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചുകയറുകയായിരുന്നു.
ബാലസോർ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തുവെന്ന് മാധ്യമങ്ങളോട് പറഞ്ഞ മന്ത്രി രക്ഷപ്രവര്‍ത്തനം പൂര്‍ത്തിയായതായും അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഇത് കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം തകർന്ന ട്രാക്കുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് ഞായറാഴ്‌ച റെയിൽവേ മന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്‌തു. അപകടം നടന്ന് 51 മണിക്കൂറിന് ശേഷം, തകർന്ന രണ്ട് ലൈനുകളും പുനർനിർമിക്കുകയും ചെയ്‌തതായി റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.