മയൂർഭഞ്ച്:മദ്യലഹരിയിൽ ശ്‌മശാനത്തിൽ നിന്നും മനുഷ്യമാംസം ഭക്ഷിച്ചെന്ന ആരോപണത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബദാസാഹി ബ്ലോക്കിന് കീഴിലുള്ള ദന്തുനിബിന്ദ ഗ്രാമത്തിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സംസ്‌കാര ചടങ്ങുകൾക്കായി ഗ്രാമത്തിലെ ശ്‌മശാനത്തിലെത്തിച്ച മൃതദേഹത്തിന്‍റെ പാതി കത്തിക്കരിഞ്ഞ ശരീരഭാഗം ഇവർ ഭക്ഷിച്ചുവെന്നാണ് പരാതി.
മയൂർഭഞ്ച് സ്വദേശികളായ സുന്ദർ മോഹൻ സിങ്, നരേന്ദ്ര സിങ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ജൂലൈ 11) അസുഖം ബാധിച്ച് മരിച്ച 25 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ഗ്രാമവാസികൾ ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവം അറിഞ്ഞെത്തിയ ആളുകള്‍ രണ്ട് പ്രതികളെയും ക്രൂരമായി മർദിച്ചതായി പ്രദേശവാസികൾ അറിയിച്ചു. തുടർന്ന് ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തിൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്‌തുവരികയാണെന്നും സംഭവം സ്ഥിരീകരിച്ച് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്ന് കൂടുതൽ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെയാണ്: മൃതദേഹത്തിന്‍റെ ഒരു ഭാഗം പൂർണമായും കത്തിക്കരിഞ്ഞിട്ടില്ലെന്ന് സമീപത്തുണ്ടായിരുന്ന പ്രതികള്‍ തങ്ങളോട് പറഞ്ഞു. തുടര്‍ന്ന്, ശരീര ഭാഗങ്ങൾ ഇവര്‍ കൈയില്‍ എടുക്കുകയും കഷണങ്ങളാക്കി ചിതയിലേക്ക് ഇടാമെന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന്, പ്രതികള്‍ ഇങ്ങനെ ചെയ്യവെ കുറച്ച് മാംസം കഴിച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തതായി ബദാസാഹി പൊലീസ് സ്റ്റേഷനിലെ ഐഐസി സഞ്ജയ് കുമാർ പരിദ പറഞ്ഞു. 'അവർ മദ്യപിച്ച നിലയിലാണ് ഈ പ്രവൃത്തി ചെയ്‌തത്. പ്രതികളിലൊരാളായ സുന്ദർ മോഹൻ സിങ് ഒരു മന്ത്രവാദിയാണ്. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്' - പരിദ പറഞ്ഞു.