ഭുവനേശ്വര്‍: കിഴക്കൻതീര സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് അടുത്ത ആഴ്‌ചയില്‍ ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് എത്തുന്നതിനാലാണ് കിഴക്കൻ തീരത്ത് മഴയ്ക്ക് സാധ്യത. ഞായറാഴ്‌ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
മെയ് 10ന് കാറ്റ് തീരത്ത് എത്തിയേക്കും. ആ സമയത്തെ കാറ്റിന്‍റെ വേഗതയെ കുറിച്ച് കാലാവസ്ഥാ കേന്ദ്രം സൂചന നല്‍കിയിട്ടില്ല. മെയ് 9 മുതല്‍ കടല്‍ പ്രക്ഷുബ്‌ധമായേക്കും. മത്സ്യത്തൊഴിലാളികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. ചുഴലിക്കാറ്റിന്‍റെ തീവ്രത കണക്കിലെടുത്ത് ദുരന്തനിവാരണസേനയും അഗ്നിശമനസേനാ സംഘങ്ങളും സജ്ജരാണെന്ന് ഒഡിഷ സർക്കാർ അറിയിച്ചു.