ഭുബനേശ്വര്‍:വൈദ്യുതി വകുപ്പിലെ ജീവനക്കാരനെ വെട്ടിക്കൊന്നു. ഒഡീഷ ഗഞ്ചം ജില്ലയിലെ കുപാതി ഗ്രാമത്തിലാണ് സംഭവം. വീടുകളിലെത്തി വൈദ്യുത മീറ്റര്‍ റീഡിങ് ശേഖരിക്കുന്ന ലക്ഷ്‌മി നാരായണ്‍ ത്രിപാതി എന്നയാളാണ് കൊല്ലപ്പെട്ടത്.
ഗ്രാമവാസികളില്‍ ഒരാളുമായി വൈദ്യുതി ബില്ലിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാവിലെയാണ് കൊലപാതകം നടന്നത്. പ്രതിയായ ഗ്രാമവാസി കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും കടന്ന് കളഞ്ഞെന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുതയുമാണെന്നും അന്വേഷണ സംഘം അറിയിച്ചു.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്:തിങ്കളാഴ്‌ച (ഓഗസ്റ്റ് 07) രാവിലെയാണ് വൈദ്യുത മീറ്ററുകളുടെ റീഡിങ് ശേഖരിക്കുന്നതിനായി ലക്ഷ്‌മി നാരായണ്‍ കുപാതി ഗ്രാമത്തിലേക്ക് എത്തിയത്. ഗ്രാമത്തില്‍ വച്ച് ഇയാളുമായി പ്രതി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഉയര്‍ന്ന വൈദ്യുത ബില്ലിനെച്ചൊല്ലിയായിരുന്നു ഇവരുടെ തര്‍ക്കം. വാക്കുതര്‍ക്കത്തിനൊടുവില്‍ രോഷാകുലനായ പ്രതി ലക്ഷ്‌മി നാരായണ്‍ ത്രിപാതിയെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ വീടിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ലക്ഷ്‌മി നാരായണ്‍ ത്രിപാതിയും പ്രതിയും തമ്മില്‍ ഇതിന് മുന്‍പും ഉയര്‍ന്ന വൈദ്യുത ബില്ലിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി അന്വേഷണ സംഘം അറിയിച്ചു.
Also Read :വൈദ്യുതി ബില്‍ കുടിശ്ശിക 215₹: കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചു, നഷ്ടം ഒന്നര ലക്ഷം രൂപ
രണ്ട് ബള്‍ബുകള്‍ മാത്രം തെളിയുന്ന വീടിന് ഒരുലക്ഷത്തിലധികം രൂപയുടെ ബില്‍:വീട്ടില്‍ നിത്യേന രണ്ട് ബള്‍ബുകള്‍ മാത്രം ഉപയോഗിക്കുന്ന വയോധികയ്‌ക്ക് ഒരു ലക്ഷം രൂപയുടെ കറന്‍റ് ബില്‍. കര്‍ണാടക കൊപ്പള ഭാഗ്യനഗര്‍ സ്വദേശിനി ഗിരിജമ്മയ്‌ക്കാണ് ഒരു ലക്ഷം രൂപയ്‌ക്ക് മുകളില്‍ നിരക്ക് രേഖപ്പെടുത്തിയ കറന്‍റ് ബില്‍ ലഭിച്ചത്. 1,03,315 രൂപയായിരുന്നു ബില്ലിലുണ്ടായിരുന്ന തുക.
ചെറിയ തകരപ്പുരയിലാണ് കൊപ്പള സ്വദേശി ഗിരിജമ്മയുടെ താമസം. മുന്‍സര്‍ക്കാര്‍ ആരംഭിച്ച 'ഭാഗ്യ ജോതി' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇവര്‍ക്ക് വൈദ്യുതി ലഭ്യാമാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 70-80 രൂപ വരെയായിരുന്നു ഗിരിജമ്മയ്‌ക്ക് കറന്‍റ് ബില്ലിനത്തില്‍ നല്‍കേണ്ടിയിരുന്നത്.
എന്നാല്‍, ഏഴ് മാസം മുന്‍പ് ജെസ്‌കോം ജീവനക്കാര്‍ ഗിരജമ്മയുടെ വീട് സന്ദര്‍ശിച്ച് പുതിയ മീറ്റര്‍ സ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് വൈദ്യുതി ബില്ലില്‍ വര്‍ധനവുണ്ടായത്. തുടര്‍ന്നാണ് ഈ തുക ഒരു ലക്ഷവും കടന്നത്.
തന്‍റെ ചെറിയ കുടിലില്‍ ആകെ ഉപയോഗിക്കുന്നത് രണ്ട് ബള്‍ബുകള്‍ മാത്രമാണെന്നും, മിക്‌സി പോലും താന്‍ ഉപയോഗിക്കാറില്ലെന്നും ഗിരിജമ്മ പറയുന്നു. പുതിയ മീറ്റര്‍ സ്ഥാപിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ വൈദ്യുതി ബില്‍ ഉയര്‍ന്നതെന്നും ഇതെങ്ങനെ അടച്ചുതീര്‍ക്കുനെന്ന ആശങ്കയിലാണ് താനെന്നും ഗിരിജമ്മ അഭിപ്രായപ്പെട്ടിരുന്നു.
Read More :Electricity Bill | രണ്ട് ബള്‍ബുകള്‍ മാത്രം തെളിയുന്ന വീടിന് ഒരുലക്ഷം രൂപയിലധികം വൈദ്യുതി ബില്‍ ; നിരക്ക് കണ്ട് 'ഷോക്കേറ്റ്' വയോധിക