ഭുവനേശ്വര്‍:ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്ത 62കാരനെ വാലന്‍റൈന്‍സ് ഡേയില്‍ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഭഗവാന്‍പൂര്‍ സിങ്കാല്‍ സ്വദേശിയായ രമേശ് കുമാര്‍ ചന്ദ്ര സ്വൈന്‍ ആണ് അറസ്റ്റിലായത്. ഡോക്ടർ, ഡെപ്യൂട്ടി ജനറല്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഇങ്ങനെ പല പേരിലും തൊഴിലിലുമാണ് രമേശ് കുമാര്‍ ചന്ദ്ര സ്വൈന്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.
പ്രായമായ അവിവാഹിതകളേയും വിധവകളേയും വിവാഹം ബന്ധം വേര്‍പെടുത്തിയ സ്ത്രീകളേയുമാണ് പ്രധാനമായും ഇയാള്‍ ലക്ഷ്യം വച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ സ്ത്രീകളെ കണ്ടെത്തിയിരുന്നത്.
വിവാഹം ശേഷം സ്ത്രീകളില്‍ നിന്നും പണവും ആഭരണങ്ങളും മറ്റും വാങ്ങുന്ന ഇയാള്‍ മുങ്ങുന്നതാണ് പതിവ്. ഐ.എഫ്.എഫ്.സി.ഒ ചീഫ് മെഡിക്കൽ ഓഫീസർമാര്‍, സുപ്രീം കോടതി അഭിഭാഷകർ, നാഷണൽ ഇൻഷുറൻസ് അംഗങ്ങൾ, മൂന്ന് അധ്യാപകരും പ്രൊഫസറും വീട്ടമ്മയും, ഐടിബിപിയുടെ അസിസ്റ്റന്റ് കമാൻഡന്റ് എന്നിവരെയാണ് വിവാഹം ചെയ്ത് ഇയാള്‍ കബളിപ്പിച്ചത്.
ബിധു പ്രസാദ് സ്വയിൻ, രമണി രഞ്ജൻ, വിജയശ്രീ രമേഷ് കുമാർ, രമേഷ് കുമാർ സ്വയിൻ എന്നിങ്ങനെയാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. ഈ പേരുകളില്‍ വ്യാജ ആധാര്‍ കാര്‍ഡും ഇയാള്‍ നിര്‍മിച്ചിരുന്നു. 2011ല്‍ ഡല്‍ഹി സ്വദേശിയായ സ്ത്രീ ഭുവനേശ്വര്‍ പൊലീസ് സ്റ്റേഷിനില്‍ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് ഇയാളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ന്യൂഡൽഹിയിലെ ആര്യസമാജിലെ ജനക്‌പുരിയിൽ വച്ച് 2018ലാണ് പരാതിക്കാരിയായ സ്ത്രീയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് കുറച്ചുകാലം ഭുവനേശ്വറിൽ കൊണ്ടുവന്നു. ഇവിടെ വച്ച് സ്ത്രീ ഇയാളുടെ തട്ടിപ്പ് മനസിലാക്കുകയായിരുന്നു.