ഭുവനേശ്വര്‍: ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം. ജാജ്‌പൂരില്‍ രൂപപ്പെട്ട ശക്തമായ ഇടിമിന്നലില്‍ നിന്നും രക്ഷ നേടുന്നതിനായി പാളത്തില്‍ കിടന്നിരുന്ന ഗുഡ്‌സ് ട്രെയിന് അടിയില്‍ അഭയം തേടിയ തൊഴിലാളികളില്‍ ആറ് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും തൊഴിലാളികളുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങുകയും ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്.
ഒഡിഷയില്‍ അടുത്തിടെ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിന് ശേഷമുണ്ടായ രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്. കഴിഞ്ഞ തിങ്കളാഴ്‌ച(05.06.2023) ഒഡിഷയിലെ ബര്‍ഗഡ് ജില്ലയില്‍ നിന്ന് മറ്റൊരു ട്രെയിന്‍ അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ചുണ്ണാമ്പ് കല്ലുമായി വന്നിരുന്ന ട്രെയിനായിരുന്നു അപകടത്തില്‍പെട്ടത്. ആളപായമില്ല.
ഇന്ത്യയിലെ വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്ന്: ട്രെയിന്‍ പാളം തെറ്റിയതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതുവരെ സംഭവിച്ച ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്നായ ബാലസോറിലെ ട്രെയിന്‍ അപകടത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഗുഡ്‌സ് ട്രെയിന്‍ അപകടത്തില്‍പെടുന്നത്.
സിഗ്‌നലില്‍ സംഭവിച്ച തകരാറാണ് ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണമെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് സംഭവത്തിന്‍റെ അന്വേഷണ ചുമതല സിബിഐയ്‌ക്ക് കൈമാറി.
ജൂണ്‍ രണ്ടാം തീയതിയായിരുന്നു ഒഡിഷയില്‍ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. അപകടത്തില്‍ 275 പേര്‍ മരിക്കുകയും 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റവരില്‍ 650 പേരും ഒഡിഷയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
അപകടം ഇങ്ങനെ:ബാലസോറിലെ ബഹനാഗ സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസ് ട്രെയിന്‍ വന്നിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിച്ചു. ജൂണ്‍ രണ്ടിന് രാത്രി 7.20 ഓടെയായിരുന്നു ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍പെട്ടത്.
ബാലസോര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും. ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്‌ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, ലോക നേതാക്കള്‍, സിനിമ കായിക താരങ്ങള്‍ തുടങ്ങിയവര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഒഡിഷയിലെ ബാലസോറിലുണ്ടായ നിര്‍ഭാഗ്യകരമായ ട്രെയിന്‍ അപകടത്തില്‍ വളരെ ദുഃഖമുണ്ടെന്നും തന്‍റെ ചിന്ത ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഒപ്പമാണെന്നും രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ട്വിറ്ററില്‍ കുറിച്ചിരുന്നു.
അനുശോചിച്ച് ലോക നേതാക്കള്‍: ഒഡിഷയിലെ ട്രെയിന്‍ അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നും സംഭവസ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു എന്നും അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ റെയില്‍വേ ട്രാക്‌ടര്‍ ഇടിച്ച് വന്‍ ട്രെയിന്‍ അപകടം ഒഴിവായിരുന്നു. ഭോജുദിഹ് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള സന്താല്‍ഡിഹ് റെയില്‍വേ ക്രോസിന് സമീപം ന്യൂഡല്‍ഹി ഭുവനേശ്വര്‍ രാജധാനി എക്‌സ്‌പ്രസ് കടന്നുപോകുമ്പോഴായിരുന്നു സംഭവം. തലനാരിഴയ്‌ക്കായിരുന്നു വന്‍ ദുരന്തം ഒഴിവായത്.