ഭുവനേശ്വർ :ഒഡിഷയിൽ ബ്ലാക്ക് ഫംഗസ് രോഗം വർധിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഏഴംഗ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന രോഗികളുടെ സ്ഥിതി പരിശോധിക്കുമെന്നും വേഗത്തിൽ രോഗനിർണയം നടത്തുന്നതിനും പ്രതിരോധിക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
READ MORE: ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് അണുബാധ ഉയരുന്നു
എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി വിദഗ്‌ധ സമിതിയെ നിയോഗിക്കണം. ഇഎൻടി വകുപ്പിൽ ഇത്തരത്തിലുള്ള കേസുകളുടെ നിർണയ സംവിധാനം ഒരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. മ്യൂക്കർമൈക്കോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് കണ്ണ്, മൂക്ക്, തലച്ചോര്‍ എന്നീ അവയവങ്ങളെയാണ് ബാധിക്കുന്നത്.
READ MORE: ബ്ലാക്ക് ഫംഗസ് : കേന്ദ്രം മരുന്ന് വില കുറയ്ക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
തലവേദന, പനി, കണ്ണുകള്‍ക്ക് താഴെയുള്ള വേദന, മൂക്കൊലിപ്പ്, കാഴ്ച ഭാഗികമായി നഷ്ടപ്പെടല്‍ എന്നിവയാണ് മ്യൂക്കർമൈക്കോസിസിന്‍റെ ലക്ഷണങ്ങള്‍. അതേസമയം വെള്ളിയാഴ്‌ച സംസ്ഥാനത്ത് 12,390 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 22 പേർ മരിക്കുകയും 8,665 പേർ രോഗമുക്തരാവുകയും ചെയ്‌തു.