ഭുവനേശ്വർ:സംസ്ഥാനത്തെ കാട്ടുതീ വിപത്ത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സാങ്കേതിക ഉപദേശം നൽകുന്നതിനുമായി വിദഗ്‌ധ സമിതിയെ ഒഡീഷയിലേക്ക് അയക്കുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒഡീഷയിൽ നിന്നുള്ള ബിജെപി എംപിമാരും ദേശീയ തലസ്ഥാനം സന്ദർശിച്ച ശേഷമാണ് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഒഡീഷ കാട്ടുതീ; വിദഗ്‌ധ സമിതിയെ അയക്കുമെന്ന് കേന്ദ്രം - moefcc
സംസ്ഥാനത്ത് കാട്ടുതീ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന വനംവകുപ്പുകൾ ഏകോപിതമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം ബിജെപി പ്രതിനിധി സംഘം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്ക് സമർപ്പിച്ചിരുന്നു.
സിംലിപാൽ ദേശീയ ഉദ്യാനത്തിലും സംസ്ഥാനത്തെ മറ്റ് വനങ്ങളിലും കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിൽ ജാവദേക്കറുടെ വ്യക്തിപരമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം ബിജെപി പ്രതിനിധി സംഘം സമർപ്പിച്ചിരുന്നു. ഒഡീഷയിൽ അടിക്കടി ഉണ്ടാകുന്ന കാട്ടുതീ തടയേണ്ടത് നിർണായകമാണെന്നും അതിനായി കേന്ദ്ര-സംസ്ഥാന വനംവകുപ്പുകൾ ഏകോപിതമായ നടപടികളും പദ്ധതികളും ആവിഷ്‌കരിക്കണമെന്നും ബിജെപി എംപിമാർ മെമ്മോറാണ്ടത്തിൽ പറയുന്നു.
കാട്ടുതീ മൂലം വനഭൂമികൾക്കും സസ്യജന്തുജാലങ്ങൾക്കും വനങ്ങളെ ആശ്രയിക്കുന്ന കമ്മ്യൂണിറ്റികൾക്കും ഉണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുമായി ആശയവിനിമയം നടത്തുന്നതിന് കേന്ദ്രമന്ത്രിയുടെ ഇടപെടൽ വേണമെന്ന് എംപിമാർ അഭ്യർഥിച്ചു. കൂടാതെ സംസ്ഥാനത്ത് ഭാവിയിൽ ഉണ്ടായേക്കാവുന്ന കാട്ടുതീ തടയുന്നതിനും ലഘൂകരിക്കുന്നതിനുമായി വിശദമായ ദീർഘകാല കർമപദ്ധതി ആവിഷ്‌കരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, വനസംരക്ഷണ പ്രവർത്തകർ എന്നിവരുമായി ഒരു ശാക്തീകരണ സമിതി രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.