ഭുവനേശ്വർ :വിവിധ സംസ്ഥാനങ്ങളിലായി സ്ത്രീകളെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ 66 കാരന്‍ കൂടുതല്‍ പേരെ വഞ്ചിച്ചതായി പൊലീസ് കണ്ടെത്തല്‍. ഒഡിഷയിലെ കേന്ദ്രപാര ജില്ലയിലെ ഒരു തീരദേശ ഗ്രാമത്തില്‍ നിന്നുള്ള രമേഷ് ചന്ദ്ര സ്വെയ്‌ക്കെതിരെ (66) പരാതിയുമായി മൂന്ന് സ്ത്രീകള്‍ കൂടി രംഗത്തെത്തി.
ഉന്നത വിദ്യഭ്യാസ യോഗ്യതകളുള്ളവരാണ് ഇവരെന്നത് തട്ടിപ്പിന്‍റെ വ്യാപ്‌തി വ്യക്തമാക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഇതുവരെ പരാതി നല്‍കിയവരുടെ എണ്ണം 17 ആയി. 66 കാരന്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മധ്യവയസ്‌കരും വിദ്യാസമ്പന്നരുമായ സ്ത്രീകളാണ് കേസിലെ ഇരകളെല്ലാം. പുതുതായി കണ്ടെത്തിയവര്‍ ഛത്തീസ്‌ഗഡില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്, അസമിൽ നിന്നുള്ള ഫിസിഷ്യന്‍, ഒഡിഷക്കാരിയായ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സ്ത്രീ എന്നിവരാണെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ യുഎസ് ഡാഷ് പറഞ്ഞു.