ഭുവനേശ്വർ:ടോക്കിയോ ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബ്രിട്ടനോട് പരാജയപ്പെട്ട ഇന്ത്യൻ ഹോക്കി ടീമിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. വീഡിയോ കോളിലൂടെയാണ് പട്‌നായിക് ടീമംഗങ്ങളെ അഭിനന്ദിച്ചത്.
ടീം നന്നായി കളിച്ചുവെന്നും കളിയിൽ പരാജയപ്പെട്ടെങ്കിലും ഒരു ബില്യൺ ഹൃദയങ്ങളിൽ നിങ്ങൾ കയറിപ്പറ്റിയെന്നും പട്‌നായിക് പറഞ്ഞു. ഓഗസ്റ്റ് 17ന് ടീം തിരികെ വരുമ്പോൾ ഭുവനേശ്വറിൽ ടീം അംഗങ്ങളെ വന്ന് കാണുമെന്നും പട്‌നായിക് അറിയിച്ചു.
Also Read: 'രാജ്യം നിങ്ങളിൽ അഭിമാനിക്കുന്നു'; വനിത ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
തുടർന്ന് ഇന്ത്യൻ വനിത ഹോക്കി ടീമിന്‍റെ ക്യാപ്റ്റൻ റാണി രാംപാൽ ടീമിന്‍റെ അവിശ്വസനീയ യാത്രയിൽ സഹായിച്ചതിന് ഒഡിഷ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ചു.
വെള്ളിയാഴ്ച്ച നടന്ന വെങ്കല മെഡല്‍ മത്സരത്തില്‍ ബ്രിട്ടനോട് 4-3നാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതിത്തോറ്റത്. ഒളിമ്പിക്‌സിലെ ഇന്ത്യൻ വനിത ഹോക്കി ടീമിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്കിയോയിൽ കണ്ടത്. 1980 ലെ മോസ്കോ ഒളിമ്പിക്‌സിൽ ആറാമത് എത്തിയതാണ് ഇതിനു മുമ്പുള്ള മികച്ച പ്രകടനം.