ഭുവനേശ്വര്‍: പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതിന് വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച് ഒഡിഷയിലെ ഒരു കലാകാരൻ. മരങ്ങളില്‍ പ്രമുഖ വ്യക്തികളുടെ മുഖം കൊത്തിവച്ചാണ് സമരേന്ദ്ര ബെഹറ വിഷയത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മയൂര്‍ഭഞ്ചിലെ അഗഡ സ്വദേശിയാണ് ഈ യുവകലാകാരൻ.
സാഹിത്യകാരൻ മനോജ് ദാസ്, ശില്പി രഘുനാഥ് മോഹൻപാത്ര തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് സമരേന്ദ്ര ഒരുക്കിയിട്ടുള്ളത്. പേപ്പറുകളിലും ഇദ്ദേഹം ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. മണ്ണെണ്ണ വിളക്കില്‍ നിന്നുള്ള കരി ഉപയോഗിച്ചാണ് സമരേന്ദ്ര രഘുനാഥ് മോഹൻപാത്രയുടെ ചിത്രം വരച്ചത്. പരിസ്ഥിതി വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാനുള്ള സന്ദേശങ്ങളാണ് സമരേന്ദ്ര ചിത്രങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നത്.
കലയിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി ഒഡിഷയിലെ കലാകാരൻ കലയോടുള്ള അഭിനിവേശത്തിലൂടെ ചിത്രരചനയില്‍ തന്‍റേതായ ഒരു ഇടം നേടിയെടുക്കാൻ സമരേന്ദ്രയ്ക്ക് സാധിച്ചു. അദ്ദേഹത്തിന്‍റെ കലാസൃഷ്ടികള്‍ ജനങ്ങളെ ആകര്‍ഷിക്കുകയും അതിലൂടെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
കേന്ദ്രപര ജില്ലയിലെ ഒരു സ്വകാര്യ കോളജിൽ ആർട്ട് ലക്‌ചററായി ജോലി ചെയ്യുന്ന ബെഹറയ്ക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ചു നീക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനും സമരേന്ദ്ര ശ്രമിച്ചിരുന്നു. മയൂര്‍ഭഞ്ജിലെ സിമിലിപാല്‍ ദേശീയോദ്യാനത്തിലെ വൃക്ഷത്തിന് മുകളില്‍ നരേന്ദ്രമോദിയുടെ മുഖം കൊത്തി വെച്ചാണ് സമരേന്ദ്ര പ്രധാനമന്ത്രിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചത്.
കൊവിഡ് മഹാമാരിയില്‍ ലോകം മുഴുവൻ അടഞ്ഞ് കിടന്ന സമയത്ത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് സമരേന്ദ്രയെ ഇതിലേക്ക് എത്തിച്ചത്. സ്വയം പര്യാപ്തത കൈവരിക്കാൻ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് പ്രചോദനമാണ് സമരേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍. ഒരാൾക്ക് ശക്തമായ ഇച്ഛാശക്തി ഉണ്ടെങ്കിൽ, എന്തിനെയും നമുക്ക് ഉൽപാദനപരമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതിന് മാതൃകയാവുകയാണ് ഈ യുവകലാകാരൻ. സർക്കാർ സഹായിച്ചാല്‍ സമരേന്ദ്ര ബെഹറയ്ക്ക് തന്‍റെ അഭിനിവേശം തുടരാനും സമൂഹത്തിന് കൂടുതല്‍ സന്ദേശങ്ങള്‍ നല്‍കാനും സാധിക്കും.