പൂനെ:രാഷ്‌ട്രീയ നേതാക്കളുടെയും വിവിഐപികളുടെയും ആക്ഷേപകരമായ വീഡിയോ നിര്‍മിച്ചതിന് അറസ്‌റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തു. ജാർഖണ്ഡിലെ റാഞ്ചിയോട് ചേർന്നുള്ള ഇറ്റാക്കി നിവാസിയായ ഷമീം ജാവേദ് അൻസാരിയേയാണ് മഹാരാഷ്‌ട്ര പൊലീസ് ട്രാൻസിറ്റ് റിമാൻഡ് ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരുടെ അപകീർത്തികരമായ വീഡിയോകള്‍ നിര്‍മിച്ച സംഭവത്തിലാണ് ഇയാള്‍ അറസ്‌റ്റിലാകുന്നത്.
പിടിയിലാകുന്നത് ഇങ്ങനെ: ഇയാള്‍ നിര്‍മിച്ച ആക്ഷേപകരമായ വീഡിയോകൾ ഗൗരവമായി കണ്ട് മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി എംപിയാണ് പ്രതികൾക്കെതിരെ പൂനെയിലെ നിഗ്ഡി പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കുന്നത്. പരാതിയിന്മേല്‍ പ്രതിക്കെതിരെ ഐടി നിയമത്തിലെ 67, 68, 295 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി തന്‍റെ യുട്യൂബ് ചാനലിലൂടെ ആക്ഷേപകരമായ വീഡിയോകള്‍ കാഴ്‌ചക്കാരുമായി പങ്കുവച്ചതായും മഹാരാഷ്‌ട്ര പൊലീസിന് കണ്ടെത്തി.
പരാതി, അന്വേഷണം, കണ്ടെത്തല്‍: ഫോട്ടോഷോപ്പ് സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് മറ്റ് പലരുടെയും ശരീരത്തില്‍ രാഷ്‌ട്രീയ നേതാക്കളുടെ മുഖം കൂട്ടിച്ചേര്‍ത്തായിരുന്നു ഇയാള്‍ വീഡിയോകളില്‍ പങ്കുവച്ചിരുന്നത്. പ്രതിയുടെ തന്നെ എസ്‌എഫ് ഫണ്‍ ക്ലബ് എന്ന യൂട്യൂബ് ചാനല്‍ വഴിയായിരുന്നു ഇവ ചെയ്‌തിരുന്നത്. മാത്രമല്ല യൂട്യൂബ് ചാനലിലൂടെ അപ്‌ലോഡ് ചെയ്‌ത വീഡിയോകൾ വളരെ ആക്ഷേപകരമാണെന്നും വിവിഐപികളെയും രാഷ്‌ട്രീയ പ്രമുഖരെയും അപകീർത്തിപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി.