ന്യൂഡൽഹി: കേരളത്തിൽ മൂന്നിലൊന്ന് സ്‌ത്രീകളിലും (34-46%) അമിതവണ്ണവും പൊണ്ണത്തടിയും വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS) പുതിയ റിപ്പോർട്ടുകൾ. 2015–16ൽ സ്‌ത്രീകളിൽ 32% പേർക്കായിരുന്നു അമിതവണ്ണമുണ്ടായിരുന്നതെങ്കിൽ നിലവിൽ അത് 38% ആയി വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം അമിതവണ്ണമുള്ള പുരുഷന്മാർ 2015–16ൽ 28% ആയിരുന്നെങ്കിൽ ഇപ്പോൾ 36.5% ആയി. രാജ്യത്ത് പൊതുവിലുള്ളതിനെക്കാൾ അപകടകരമായ സ്ഥിതിയാണ് കേരളത്തിലെന്നാണ് പുതിയ സർവേ സൂചിപ്പിക്കുന്നത്.
രാജ്യത്തെ കണക്ക്: ദേശീയ കുടുംബാരോഗ്യ സർവേയുടെ അഞ്ചാമത് റിപ്പോർട്ട് പ്രകാരം, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊണ്ണത്തടി വർധിച്ചതായി കണ്ടെത്തി. ദേശിയ തലത്തിൽ സ്‌ത്രീകൾക്കിടയിൽ അമിതവണ്ണം 21 ശതമാനത്തിൽ നിന്ന് 24 ശതമാനമായും പുരുഷന്മാരിൽ 19 ശതമാനത്തിൽ നിന്ന് 23 ശതമാനമായും വർധിച്ചു.
കേരളത്തിന് പുറമേ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, ഗോവ, സിക്കിം, മണിപ്പൂർ, ഡൽഹി, തമിഴ്‌നാട്, പുതുച്ചേരി, പഞ്ചാബ്, ചണ്ഡീഗഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും സ്‌ത്രീകളിൽ പുരുഷന്മാരേക്കാൾ അമിതവണ്ണം വർധിക്കുന്നതായി സർവേ പറയുന്നു.
28 സംസ്ഥാനങ്ങളിലെ 707 ജില്ലകളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 6.37 ലക്ഷം കുടുംബങ്ങളിൽ നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തൽ. അതിൽ 7,24,115 സ്‌ത്രീകളും 1,01,839 പുരുഷന്മാരും ഉൾപ്പെടുന്നു. സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങൾ ഉൾപ്പെടയുള്ള ഘടകങ്ങളെ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ റിപ്പോർട്ട്.
കൂടാതെ ജനസംഖ്യ, ആരോഗ്യ-കുടുംബക്ഷേമം, പ്രത്യുത്പാദനം, കുടുംബാസൂത്രണം, ശിശുമരണ നിരക്ക്, മാതൃ-ശിശു ആരോഗ്യം, പോഷകാഹാരം, വിളർച്ച, രോഗാവസ്ഥയും ആരോഗ്യ സംരക്ഷണവും, സ്‌ത്രീ ശാക്തീകരണം തുടങ്ങിയവ സംബന്ധിച്ച വിശദമായ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വളർച്ചാമുരടിപ്പ് കുറയുന്നു: അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ വളർച്ചാമുരടിപ്പ് കഴിഞ്ഞ നാല് വർഷത്തിനിടെ 38ൽ നിന്ന് 36 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. പോഷകാഹാരക്കുറവ്, തുടർച്ചയായുള്ള അണുബാധ, മാനസിക-സാമൂഹിക ഉത്തേജനത്തിന്‍റെ അപര്യാപ്‌തത എന്നിവ മൂലമാണ് കുട്ടികളിൽ വളർച്ചാമുരടിപ്പ് ഉണ്ടാകുന്നത്.
2019-21ൽ നഗരപ്രദേശങ്ങളേക്കാൾ (30 ശതമാനം) ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിൽ (37 ശതമാനം) വളർച്ചാമുരടിപ്പ് കൂടുതലാണ്. ഏറ്റവും കുറവ് പുതുച്ചേരിയിലും (20 ശതമാനം) ഏറ്റവും കൂടുതൽ മേഘാലയയിലുമാണ് (47 ശതമാനം). ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, സിക്കിം (7 ശതമാനം വീതം), ജാർഖണ്ഡ്, മധ്യപ്രദേശ്, മണിപ്പൂർ (6 ശതമാനം വീതം), ചണ്ഡീഗഡ്, ബിഹാർ (5 ശതമാനം വീതം) എന്നിവിടങ്ങളിൽ വളർച്ചാമുരടിപ്പിൽ ഗണ്യമായ കുറവുണ്ടായതായും കണ്ടെത്തി.
പ്രത്യുത്പാദന നിരക്കിലും കുറവ്:നാലാമത്തെയും അഞ്ചാമത്തെയും സർവേഫലങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ദേശിയ തലത്തിൽ ആകെ പ്രത്യുത്പാദന നിരക്ക് (TFR) 2.2ൽ നിന്ന് 2ആയി കുറഞ്ഞതായി കണ്ടെത്തി. ബിഹാർ (2.98), മേഘാലയ (2.91), ഉത്തർപ്രദേശ് (2.35), ജാർഖണ്ഡ് (2.26) മണിപ്പൂർ (2.17) എന്നിങ്ങനെ പ്രത്യുൽപാദന ശേഷി 2.1ന് മുകളിലുള്ള അഞ്ച് സംസ്ഥാനങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്.
രാജ്യത്തെ ആകെ ഗർഭനിരോധന നിരക്ക് (CPR) 54 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർധിച്ചു. ആധുനിക ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വർധിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.