ബെംഗളൂരു : കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. എന്നാൽ, സമ്പൂർണ മന്ത്രിസഭ രൂപീകരിക്കാനുള്ള ഹൈക്കമാൻഡിന്‍റെ ശ്രമം പരാജയപ്പെട്ടു. ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം 8 മുതിർന്ന എംഎൽഎമാർ മാത്രമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുള്ളത്.
ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ശ്രീ കണ്‌ഠീരവ സ്റ്റേഡിയത്തിലെത്തിൽ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ജാതി, മേഖല, സീനിയോറിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ 8 എംഎൽഎമാർക്കാണ് ആദ്യ ഘട്ടത്തിൽ മന്ത്രിമാരാകാൻ അവസരം ലഭിച്ചത്. കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളായ കെപിസിസി വർക്കിങ് പ്രസിഡന്‍റ് രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി, മുൻ ഉപമുഖ്യമന്ത്രി ഡോ ജി പരമേശ്വർ, മുൻ കേന്ദ്രമന്ത്രി കെഎച്ച് മുനിയപ്പ, കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി പ്രസഡന്‍റ് എം ബി പാട്ടീൽ, മുൻ മന്ത്രി കെ ജെ ജോർജ്, ജമീർ അഹമ്മദ്, മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്‌ച രാത്രി ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് മന്ത്രിമാരെ സംബന്ധിച്ച് പ്രാഥമിക തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ 28 എംഎൽഎമാരെ മന്ത്രിമാരാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, മന്ത്രി സ്ഥാനം ലഭിക്കാത്തവരിൽ നിന്ന് വിയോജിപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. ഇതോടെയാണ് സമ്പൂർണ മന്ത്രിസഭ ഇപ്പോൾ രൂപീകരിക്കേണ്ട എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയത്.
മന്ത്രി സ്ഥാനത്തിനായി മത്സരം : മന്ത്രി സ്ഥാനം നേടാനുള്ള മത്സരം എംഎൽഎമാർക്കിടയിലെ തർക്കത്തിലേക്ക് എത്താതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് ആദ്യഘട്ടത്തിൽ 8 എംഎൽഎമാരെ മന്ത്രിമാരാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയ്‌ക്ക് 12.30ന് കണ്‌ഠീരവ സ്റ്റേഡിയത്തിലെത്തിൽ വച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്‌ച രാത്രി തന്നെ നേതാക്കൾക്ക് അറിയിപ്പ് കൊടുത്തിട്ടുണ്ട്. നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും കോൺഗ്രസ് നേതാക്കളും ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് തിരിച്ചെത്തി.