ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമിത വിലയ്‌ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ വിറ്റ കേസില്‍ ഖാന്‍ ചാച്ച ഭക്ഷണശാല ഉടമ നവനീത് കാല്‍റയെ പൊലീസ് ഞായറാഴ്‌ച ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്‌തു. ഇയാള്‍ മെയ് ഏഴ് മുതല്‍ ഒളിവിലായിരുന്നു.
അനധികൃത ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വില്‍പന; നവനീത് കാല്‍റ അറസ്റ്റില്‍ - O2 concentrator
ഡല്‍ഹിയില്‍ അമിത വിലയ്‌ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ വില്‍പന നടത്തിയെന്ന കേസില്‍ നവനീത് കാല്‍റ മെയ് ഏഴ് മുതല്‍ ഒളിവിലായിരുന്നു. ഞായറാഴ്‌ച ഗുല്‍ഗ്രാമില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ഭക്ഷണശാലകളില്‍ അനധികൃതമായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഡല്‍ഹിയിലെ ലോദി റോഡിലെ ഭക്ഷണശാലയില്‍ നടത്തിയ റേയ്‌ഡില്‍ മൂന്ന് ഡസനോളം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്‌തു. അന്വേഷണം നവനീത് കാല്‍റയിലേക്ക് നീണ്ടതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഖാന്‍ ചാച്ച ഭക്ഷണശാലയും ഇയാളുടെ ഫാം ഹൗസും റേയ്‌ഡ് ചെയ്‌തിരുന്നു.
എന്നാല്‍ ഓക്‌സിജന്‍ വില്‍പനയില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന മട്രിക്‌സ് സെല്ലുലാര്‍ കമ്പനി ഉടമ ഗഗന്‍ ദഗ്ഗലാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഒരു യൂണിറ്റ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ് 20,000 രൂപയ്‌ക്ക് വാങ്ങി ഇന്ത്യയില്‍ 50,000 മുതല്‍ 70,000 വരെ രൂപയ്‌ക്കാണ് കമ്പനി ഇത്തരത്തില്‍ വില്‍ക്കുന്നത്. ഇന്ത്യയിലെ മട്രിക്‌സ് സെല്ലുലാര്‍ കമ്പനിയുടെ സിഇഒ ഗൗരവ് ഖന്നയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.