സാഗർ (മധ്യപ്രദേശ്): ഒറ്റ സിറിഞ്ചും ഒറ്റ സൂചിയും ഉപയോഗിച്ച് 30 കുട്ടികൾക്ക് വാക്‌സിനെടുത്ത് ആരോഗ്യപ്രവർത്തകൻ. സാഗർ ജില്ലയിലെ ജെയിൻ പബ്ലിക് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം. ജൂലൈ 27നാണ് സ്‌കൂളിലെ വിദ്യാർഥികൾക്ക് കൊവിഡ് വാക്‌സിൻ എടുത്തത്.
ജിതേന്ദ്ര എന്നയാളാണ് ഒരു സിറിഞ്ചും സൂചിയും ഉപയോഗിച്ച് 9 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് വാക്‌സിനെടുത്തത്. അധികാരികൾ അയച്ചത് ഒരു സിറിഞ്ച് മാത്രമാണെന്നും അത് ഉപയോഗിച്ച് എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകാൻ വകുപ്പ് മേധാവി നിർദേശിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര പറയുന്നു.
ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ എന്ന് തനിക്കറിയാമായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ചതുമാണ്. പക്ഷെ വീണ്ടും ഉപയോഗിച്ചോളൂവെന്നാണ് മറുപടി ലഭിച്ചത്. ഇത് എങ്ങനെ തന്‍റെ തെറ്റാവുമെന്നും ജിതേന്ദ്ര ചോദിക്കുന്നു.
പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ സംഭവം വിവാദമാക്കിയതോടെ വിഷയത്തിൽ പരിശോധന നടത്താൻ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി.കെ ഗോസ്വാമിയോട് ജില്ല കലക്‌ടറുടെ ചുമതലയുള്ള ഷിദിജി സിംഗാൾ ആവശ്യപ്പെട്ടു. തുടർന്ന് ഗോസ്വാമി പരിശോധന നടത്തിയെങ്കിലും രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ജിതേന്ദ്രയെ കണ്ടെത്താനായില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണ്.
സംഭവത്തിൽ ഐപിസി സെക്ഷൻ 336 (മനുഷ്യന്റെ ജീവനോ മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷയോ അപകടപ്പെടുത്തുന്ന അവിവേകമോ അശ്രദ്ധമോ ആയ പ്രവൃത്തി) പ്രകാരം ജിതേന്ദ്രയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി ഗോപാൽഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല വാക്‌സിനേഷൻ ഓഫിസർ ഡോ. രാകേഷ് റോഷനെതിരെ വകുപ്പുതല അന്വേഷണത്തിനും നടപടിക്കും കലക്‌ടർ ഡിവിഷണൽ കമ്മിഷണറോട് ശിപാർശ ചെയ്‌തു.
30 വിദ്യാർഥികളെയും ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ചു. 19 പേരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നും മറ്റ് കുട്ടികളുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും ഗോസ്വാമി പറഞ്ഞു.