ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ ജനറൽ, സ്ലീപ്പർ ക്ലാസ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവു റെയിൽവേ (number of passengers in railway increased). കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് ഈ വർഷം 41.1 കോടി യാത്രക്കാരുടെ വർധനവ് രേഖപ്പെടുത്തി.ഭൂരിഭാഗം പേരും യാത്രക്കായി ജനറൽ, സ്ലീപ്പർ ക്ലാസുകൾ തെരഞ്ഞെടുത്തുവെന്നും റെയിൽവേ അറിയിച്ചു.
2023 ഏപ്രിലിനും ഒക്‌ടോബറിനും ഇടയിൽ ആകെയുള്ള 390.2 കോടി റെയിൽവേ യാത്രക്കാരിൽ 95.3 ശതമാനവും ജനറൽ, സ്ലീപ്പർ ക്ലാസുകളിൽ യാത്ര ചെയ്‌തവരാണ്. 4.7 ശതമാനം പേർ മാത്രമാണ് എസി കോച്ചുകളിൽ യാത്ര ചെയ്‌തത്. ഈ ഏഴ് മാസങ്ങളിലായി ആകെ 390.2 കോടി യാത്രക്കാർ അവരുടെ യാത്രക്കായി ട്രെയിൻ തെരഞ്ഞെടുത്തുവെന്ന് റെയിൽവേ അറിയിച്ചു. 2022ലെ ഇതേ കാലയളവിൽ 349.1 കോടി യാത്രക്കാരാണുണ്ടായിരുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 41.1 കോടി യാത്രക്കാരെ കൂടുതൽ ലഭിച്ചു (11.7 ശതമാനം വർധനവ്). വർധനവുണ്ടായ 41.1 കോടി യാത്രക്കാരിൽ 38 കോടി പേർ (92.5 ശതമാനം) നോൺ എസി ക്ലാസുകളിൽ (ജനറൽ, സ്ലീപ്പർ ക്ലാസുകൾ) യാത്ര ചെയ്‌തപ്പോൾ, ശേഷിക്കുന്ന 3.1 കോടി പേർ എയർ കണ്ടീഷൻഡ് കോച്ചുകൾ തെരഞ്ഞെടുത്തു. അതായത് 390.2 കോടി യാത്രക്കാരിൽ 372 കോടി പേർ നോൺ എസി കോച്ചുകളിലും ബാക്കി 18.2 കോടി എസി കോച്ചുകളിലും യാത്ര ചെയ്‌തു.
കൊവിഡിന് മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പ്രതിദിനം 562 ട്രെയിനുകൾ കൂടി സർവീസ് നടത്തുന്നുണ്ട്. കൊവിഡിന് മുമ്പ് പ്രതിദിനം 10,186 ട്രെയിനുകൾ ഓടിയിരുന്നു. എന്നാൽ, ഇപ്പോൾ അത് 10,748 ആയി ഉയർത്തിയിട്ടുണ്ട്. കൊവിഡിന് മുമ്പുള്ള കാലയളവിൽ മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളുടെ എണ്ണം 1,768ആയിരുന്നു, ഇത് 2,122 ആയി ഉയർന്നു.
പ്രാന്തപ്രദേശങ്ങളെയും നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കൂടുതൽ സബ്-അർബൻ ട്രെയിനുകൾ കൊവിഡിന് ശേഷമുള്ള കാലയളവിൽ സർവീസ് ആരംഭിച്ചു. അതായത് ട്രെയിനുകളുടെ എണ്ണം 5,626 നിന്ന് 5,774 ആയി ഉയർത്തി. ഒരു നഗരത്തിനുള്ളിലെ പ്രാദേശിക യാത്രക്കാരുടെ ദൈനംദിന ആവശ്യത്തിനായി 2,792 ട്രെയിനുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് 2,852 ആക്കി ഉയർത്തി. പ്രതിദിന യാത്രക്കാരുടെ വൻതോതിലുള്ള വർധനവ് കണക്കിലെടുത്ത് തങ്ങൾ എല്ലാ വിഭാഗങ്ങളിലും കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.