അടുത്തിടെ രൺവീർ സിങ് പങ്കുവച്ച നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്യാം മംഗാരം ഫൗണ്ടേഷൻ എന്ന എൻജിഒ. രൺവീറിന്‍റെ ചിത്രങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിനും മൂല്യങ്ങൾക്കും എതിരാണെന്ന് ആരോപിച്ച് എൻജിഒ മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
രൺവീറിന്‍റെ നഗ്ന ഫോട്ടോഷൂട്ട്; വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പരാതിയുമായി എൻജിഒ കഴിഞ്ഞ ആറ് വർഷമായി ഞങ്ങൾ വിധവകൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. കഴിഞ്ഞയാഴ്‌ച രൺവീർ സിങ്ങിന്‍റെ നഗ്നചിത്രങ്ങൾ വൈറലാകുന്നത് കാണുകയുണ്ടായി. ഏതൊരു സ്ത്രീക്കും പുരുഷനും നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് ആ ചിത്രങ്ങളെന്നും എൻജിഒയുടെ പരാതിയിൽ പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ അതിനർഥം സമൂഹത്തിൽ വിഡ്ഢിയായി നടക്കണമെന്നല്ല എന്നും പരാതിയിൽ പറയുന്നു. വികാരങ്ങളെ വ്രണപ്പെടുത്തുകയും സ്ത്രീകളുടെ മാന്യതയെ അപമാനിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ച് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 292, 293, 354, 509 എന്നീ വകുപ്പുകൾ പ്രകാരവും ഐടി ആക്‌ട് 67എ പ്രകാരവുമാണ് എൻജിഒ പരാതി നൽകിയിരിക്കുന്നത്. ശനിയാഴ്‌ചയാണ് ഒരു മാഗസിന് വേണ്ടി ചെയ്‌ത ഫോട്ടോഷൂട്ടിൽ നിന്നുമുള്ള നഗ്നചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ജാക്വലിൻ ഫെർണാണ്ടസ്, പൂജ ഹെഗ്‌ഡെ എന്നിവർക്കൊപ്പം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സർക്കസ് എന്ന ചിത്രമാണ് രൺവീറിന്‍റെ പുതിയ ചിത്രം. ഈ വർഷം ക്രിസ്‌മസിന് ചിത്രം റിലീസ് ചെയ്യും.