ഹൈദരാബാദ്:തിങ്കളാഴ്‌ച അന്തരിച്ച എൻടിആറിന്‍റെ മകൾ കാന്തമനേനി ഉമ മഹേശ്വരിയുടെ അന്ത്യകർമങ്ങൾ ബുധനാഴ്‌ച നടക്കും. മുൻ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായിരുന്ന എൻ.ടി രാമറാവുവിന്‍റെ ഇളയ മകൾ ഉമ മഹേശ്വരിയെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വസതിയിലാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്‌മാനിയ ഹോസ്‌പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അടുത്തിടെ ഉമ മഹേശ്വരിയുടെ മകളുടെ വിവാഹത്തിന് നിരവധി കുടുംബാംഗങ്ങൾ ഒത്തുചേർന്നിരുന്നു. അതിനാൽ തന്നെ ഉമ മഹേശ്വരിയുടെ വിയോഗത്തിൽ ദുഃഖത്തിലാണ് നന്ദമൂരി കുടുംബാംഗങ്ങൾ. മരണവാർത്ത അറിഞ്ഞയുടൻ തന്നെ ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ് ഉൾപ്പെടെയുള്ള ബന്ധുക്കൾ സ്ഥലത്തെത്തിയിരുന്നു. സഹോദരനും പ്രശസ്‌ത തെലുങ്ക് നടനും ടിഡിപി നിയമസഭാംഗവുമായ എൻ.ബാലകൃഷ്‌ണയെയും വിദേശത്തുള്ള മറ്റ് കുടുംബാംഗങ്ങളെയും വിവരമറിയിച്ചതായി കുടുംബവൃത്തങ്ങൾ അറിയിച്ചു.