ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുമ്പോള്‍ ഓക്സിജൻ എക്സ്പ്രസ് വഴി ജീവവായു വാങ്ങാൻ തെലങ്കാനയും. ഓക്സിജൻ എക്സ്പ്രസിനായി ഏറ്റവും ഒടുവില്‍ ഇന്ത്യൻ റെയിൽവേയെ സമീപിച്ച സംസ്ഥാനം തെലങ്കാനയാണ്. അഞ്ച് ഒഴിഞ്ഞ ടാങ്കറുകളുമായി ഒരു ട്രെയിൻ തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്നും ഒഡിഷയിലെ അംഗുലിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ട്രെയിൻ വെള്ളിയാഴ്ച അംഗുലിലെത്തും. ശേഷം ഓക്സിജൻ സമാഹരിച്ച് തെലങ്കാനയിലേക്ക് തിരിക്കും.
റെയിൽവേയോട് ഹരിയാന സർക്കാർ സഹായം അഭ്യർഥിച്ചതിന് തൊട്ടുപിന്നാലെയാണ് തെലങ്കാനയുമെത്തിയത്. ഒഡീഷയിലെ റൂർക്കേലയിലേക്ക് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് അഞ്ച് ടാങ്കറുകൾ അയച്ചിരുന്നു. അതേ സമയം, ഇന്ന് 76.29 മെട്രിക് ടൺ (എംടി) ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍റെ (എൽഎംഒ) അഞ്ച് ടാങ്കറുകളുമായി ഉത്തർപ്രദേശിൽ അഞ്ചാമത്തെ ഓക്സിജൻ എക്സ്പ്രസ് എത്തി. ഇതിൽ ഒരു ടാങ്കർ വാരണാസിയിലേക്കും ബാക്കി നാലെണ്ണം ലക്നൗവിലേക്കുമാണ്. കൂടാതെ, 33.18 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി നാല് ടാങ്കറുകൾ വഹിച്ചുകൊണ്ട് മറ്റൊരു ട്രെയിൻ ലക്നൗവിലേക്ക് യാത്ര തിരിച്ചിട്ടുമുണ്ട്. ഇത് വെള്ളിയാഴ്ച എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഒഴിഞ്ഞ ടാങ്കറുമായി മറ്റൊരു ട്രെയിൻ ഇന്ന് ലക്നൗവിൽ നിന്ന് പുറപ്പെടും.