അഹമ്മദാബാദ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഒരു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്‌ച ഗുജറാത്തിലെത്തും. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വച്ച് പ്രതിപക്ഷ നേതൃത്വം നേടിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ സന്ദര്‍ശനം. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയാണ് ആം ആദ്‌മി പാര്‍ട്ടി മുഖ്യപ്രതിപക്ഷമായത്.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ആം ആദ്‌മി പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍. അതിന്‍റെ ആദ്യ പടിയെന്ന നിലയിലാണ് ചൊവ്വാഴ്‌ചത്തെ സന്ദർശനം. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ തന്‍റെ ഗുജറാത്ത് സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചത്. ' ഇനി ഗുജറാത്ത് മാറും., എന്നെ സഹോദരന്മാരെയും സഹോദരിമാരെയും കാണാൻ ഞാൻ നാളെ ഗുജറാത്തിലെത്തും' അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
പ്രധാന പരിപാടികള്‍
രാവിലെ 10.20ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന കെജ്‌രിവാള്‍ നേരെ സര്‍ക്യൂട്ട് ഹൗസിലേക്കാകും പോകുക. ശേഷം വല്ലഭ് സദനത്തില്‍ വാർത്താ സമ്മേളനം. കൃഷ്‌ണഭഗവാന്‍റെ അനുഗ്രഹം വാങ്ങിയ ശേഷമായിരിക്കും വാര്‍ത്താസമ്മേളനമെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മാധ്യമപ്രവർത്തകരെ കണ്ട ശേഷം ആശ്രമം റോഡില്‍ പുതുതായി പണികഴിപ്പിച്ച പാർട്ടിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരത്തോടെ തിരിച്ച് ഡൽഹിക്ക് മടങ്ങും.
also read:അടുത്ത വർഷം ആം ആദ്‌മി പാർട്ടി ആറ് സംസ്ഥാനങ്ങളിൽ മത്സരിക്കും: അരവിന്ദ് കെജ്‌രിവാൾ
ലക്ഷ്യം
കഴിഞ്ഞ ഫെബ്രുവരിയിലും കെജ്‌രിവാള്‍ സംസ്ഥാനത്തെത്തിയിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ബദലാകുക എന്നതാണ് ആം ആദ്‌മി പാര്‍ട്ടിയുടെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകത്തിലെ വിജയത്തിലൂടെ ദേശീയ രാഷ്‌ട്രീയത്തില്‍ ശക്തിനേടുകയെന്നാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ പദ്ധതി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ തുടര്‍ച്ചയായി രാജിവച്ച് പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് ആം ആദ്‌മിയുടെ പദ്ധതികള്‍.