ന്യൂഡൽഹി:ഇന്ത്യയിലെ നോവവാക്സ് വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ അവസാനഘട്ടത്തിൽ ആണെന്ന് കേന്ദ്രം. അമേരിക്കൻ ആസ്ഥാനമായ കമ്പനി കുട്ടികളിലും ഉടൻ തന്നെ വാക്സിൻ പരീക്ഷണം ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും കേന്ദ്രം പറഞ്ഞു.
"നോവവാക്സിന്‍റെ ഫലങ്ങൾ മികച്ചതാണ്. വാക്സിൻ സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് പഠനനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്നും", കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ നിതി ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞു.
നോവവാക്സ് വാക്സിൻ വലിയ തോതിൽ തന്നെ ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇതിനകം തന്നെ 1.1 ബില്യൺ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ മേരിലാൻഡ് ആസ്ഥാനമായുള്ള കമ്പനിയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.
നോവവാക്സ് ഉത്‌പാദനത്തിൽ കുറച്ചുകാലം ഇടവേളയുണ്ടാകുമെന്ന് ഡോ. പോൾ പറഞ്ഞു. കുട്ടികളിലും ഉടൻ തന്നെ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോൾ കൂട്ടിച്ചേർത്തു.
അമേരിക്കയുടെ നാലാം വാക്സിൻ
നോവവാക്‌സ് കൊവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളതില്‍ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായാണ് പഠനങ്ങൾ. അമേരിക്കയിൽ വലിയ രീതിയില്‍ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്‌സ് അറിയിച്ചിരുന്നു. മിതമായും കഠിനവുമായ രോഗങ്ങളില്‍ നിന്ന് 100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കിയിട്ടുണ്ട്. മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തില്‍ യുഎസിലേയും മെക്‌സിക്കോയിലേയും 119 പ്രദേശങ്ങളലുള്ള 29,960 പേര്‍ പങ്കാളികളായെന്നും നോവവാക്‌സ് കൂട്ടിച്ചേര്‍ത്തു.
Also Read: 'ഏവരും വേഗം വാക്സിന്‍ എടുക്കൂ '; ആഹ്വാനവുമായി ജോ ബൈഡൻ
ഈ വര്‍ഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങുകയാണെന്നും അമേരിക്ക ആസ്ഥാനമായ കമ്പനി അറിയിച്ചു. മൂന്നാംപാദം അവസാനത്തോടെ പ്രതിമാസം 100 ദശലക്ഷം ഡോസും വര്‍ഷാവസാനത്തോടെ 150 ദശലക്ഷം ഡോസും പ്രതിമാസം ഉത്പാദിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.