ന്യൂഡൽഹി :കാർ രാജ എന്നറിയപ്പെടുന്ന കുനാൽ എന്ന അന്തർ സംസ്ഥാന കാർ മോഷ്‌ടാവ് ഡൽഹി പൊലീസിന്‍റെ പിടിയിൽ. ഒന്നര മാസത്തെ നിരന്തര അന്വേഷണത്തിനൊടുവില്‍ സിവിൽ ലൈൻ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. നിരവധി സംസ്ഥാനങ്ങളിൽ കാർ രാജയ്‌ക്കെതിരെ കേസുകളുണ്ട്. ഡൽഹി എൻസിആർ, ഉത്തർപ്രദേശ്, കശ്‌മീർ എന്നിവിടങ്ങളിൽ നിന്ന് വില കൂടിയ കാറുകൾ മോഷ്‌ടിക്കുകയും വിൽക്കുകയുമായിരുന്നു കാർ രാജയുടെ രീതി. കുനാൽ ഇതുവരെ 100ലധികം കാറുകൾ കവര്‍ന്നിട്ടുണ്ട്.
ഡൽഹിയിലെ വിവിധ സ്റ്റേഷനുകളിലായി ഒൻപത് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കഴിഞ്ഞ ഒന്നര മാസമായി കുനാലിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം വ്യാപകമായി പരിശോധിച്ചിരുന്നു.
Also Read: Virat Kohli: പടനയിക്കാൻ ഇനി രാജാവില്ല; ടെസ്റ്റിൽ നിന്നും നായകസ്ഥാനം രാജി വച്ച് വിരാട് കോലി
മോഷ്‌ടിച്ച കാർ വിൽക്കാൻ കശ്‌മീരി ഗേറ്റിലുള്ള ആശ്രം മാർക്കറ്റിൽ കാർ രാജ വരുമെന്ന് ജനുവരി 11ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ആസൂത്രിതമായി ആശ്രം മാർക്കറ്റിന് ചുറ്റും കെണിയൊരുക്കി കാത്തിരുന്നു. ഒടുവില്‍ കാര്‍ രാജ വലയില്‍.
പ്രതിയുടെ പക്കൽ നിന്ന് പിടികൂടിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റും ആർസിയും രേഖകളിൽ ഉള്ളതുതന്നെയാണെങ്കിലും പലതിന്‍റെയും എഞ്ചിൻ, ഷാസി നമ്പറുകൾ പൊരുത്തപ്പെടുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇയാളില്‍ നിന്ന് നിരവധി കാറുകളും നമ്പർ പ്ലേറ്റുകളും പൊലീസ് പിടിച്ചെടുത്തു.
2013 മുതലാണ് കാർ മോഷണം ആരംഭിച്ചതെന്നും ഡൽഹി എൻസിആർ മേഖലയിൽ നിന്നും മോഷ്‌ടിക്കുന്ന കാറുകൾ ഉത്തർപ്രദേശിലേക്കും കശ്‌മീരിലേക്കും അയയ്ക്കുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചു.