മുംബൈ: എൻസിപി മേധാവി ശരദ് പവാർ ഇന്ന് (22 ജൂണ്‍ ചൊവ്വ) രാഷ്ട്ര മഞ്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു. എന്നാൽ ഇത് എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും കൂടിക്കാഴ്ചയല്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു.
മഹാ വികാസ് അഖാഡിയിൽ ഭിന്നത രൂക്ഷം
“ശരദ് പവാർ ഒരു വലിയ നേതാവാണ്. രാഷ്ട്രീയം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, സഹകരണ മേഖല എന്നിങ്ങനെ എല്ലാ മേഖലകളിലെ ആളുകളും അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിക്കും. ഇന്ന് പവാർ സാഹിബുമായി രാഷ്ട്ര മഞ്ച് നേതാക്കളുടെ ഒരു കൂടിക്കാഴ്ചയുണ്ട്. ഇപ്പോൾ അവർ യോഗത്തിൽ ചർച്ച ചെയ്യേണ്ടത് അവരുടെ കാര്യമാണ്. എന്നാൽ, ഇത് എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും കൂടിക്കാഴ്ചയാണെന്ന് ഞാൻ പറയില്ല. എസ്പി, ബിഎസ്പി, വൈ എസ്ആർസിപി, ടിഡിപി, ടിആർഎസ് എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കുന്നില്ല", സഞ്ജയ് റാവത്ത് പറഞ്ഞു.
ചൊവ്വാഴ്ച ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കുമെന്നും യോഗത്തിന് പവാർ അധ്യക്ഷത വഹിക്കുമെന്നും മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റാവത്തിന്‍റെ പ്രസ്താവന.നാളെ മുതൽ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുന്നതിന് പവാർ പ്രവർത്തിക്കുമെന്നും എൻസിപി നേതാവ് പറഞ്ഞിരുന്നു.